പൊലീസിന്റെ മാതൃക പ്രവർത്തനം :നിർദ്ധന രോഗിക്ക് ചികിത്സാ സഹായം സ്വരൂപിച്ച് നൽകി

നെടുമങ്ങാട്: നിർദ്ധനയായ കാൻസർ രോഗിക്ക് ചികിത്സാ സഹായം സ്വരൂപിച്ച് നൽകി നെടുമങ്ങാട് പൊലീസ് മാതൃകയായി. പനവൂർ ചെവിടൻപാറ ശോഭാ നിവാസിൽ പ്രസന്ന (65) യ്ക്കാണ് പൊലീസുകാർ കൈത്താങ്ങായത്. രോഗബാധയെ തുടർന്ന് ഭർത്താവ് ഉപേക്ഷിച്ച പ്രസന്നയെ മകൾ ശോഭന കൂലിപ്പണി ചെയ്താണ് ചികിത്സിച്ചിരുന്നത്. വിദ്യാർത്ഥികളായ രണ്ട് പെൺമക്കളുടെ പഠനച്ചെലവും അമ്മയുടെ ചികിത്സാച്ചെലവും കൂടി ശോഭനയ്ക്ക് താങ്ങാൻ പറ്റാത്ത സ്ഥിതിയായിരുന്നു. അമ്മ പൂർണ്ണമായും കിടപ്പിലായതിനാൽ ജോലിക്കു പോകാനും കഴിയില്ല. നാട്ടുകാരുടെ സഹായത്തിലാണ് കുടുംബം കഴിയുന്നത്. ജനമൈത്രി ബീറ്റുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സ്റ്റേഷനിലെ ബീറ്റ് ഓഫീസർ സജു ഈ ഭാഗത്തെ വീടുകൾ സന്ദർശിച്ച വേളയിലാണ് പ്രസന്നയുടെ രോഗ വിവരം അറിയുന്നത്. വിവരം സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പൊലീസുകാർ സഹപ്രവർത്തകരിൽ നിന്ന് ധനസഹായം സ്വരൂപിക്കുകയായിരുന്നു. നെടുമങ്ങാട് സബ് ഇൻസ്പെക്ടർ എസ്. ഷുക്കൂർ, പി.ആർ.ഒ അജിത് കുമാർ, ബീറ്റു ഓഫീസർ സജു, അനിൽകുമാർ, രജിത്ത്, വിജിത്ത്, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹി അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസുകാർ വസതിയിലെത്തിയാണ് ധനസഹായം നൽകിയത്. നെടുമങ്ങാട് സി.ഐ കെ.അനിൽകുമാർ തുക കൈമാറി.