പ്രധാനമന്ത്രി ഗുരുവായൂരിൽ

ഗുരുവായൂര്‍; ക്ഷേത്രദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരില്‍ എത്തി. ഗുരുവായൂരിലുള്ള ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ ഹെലിപ്പാടിലാണ് അദ്ദേഹം ഇറങ്ങിയത്. രാവിലെ 10 മണി മുതല്‍ 11.10 വരെയാണ് പ്രോട്ടോക്കോള്‍ പ്രകാരം പ്രധാനമന്ത്രിക്ക് അനുവദിച്ചിരിക്കുന്നത്. കേരളീയ വേഷത്തിലാണ് പ്രധാനമന്ത്രി എത്തിയത്.

കൊച്ചിയില്‍ നിന്ന് കൃത്യം 9 മണിക്ക് തന്നെ പ്രത്യേക ഹെലികോപ്റ്ററിലാണ് മോദി ഗുരുവായൂരില്‍ എത്തിയത് . ഹെലിപ്പാടില്‍ നിന്നും 2 കിലോമീറ്റര്‍ ദൂരത്തുമാറിയാണ് ക്ഷേത്രമുള്ളത്. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ അല്‍പ സമയം വിശ്രമിച്ച ശേഷം പത്ത് മണിയോടെ ക്ഷേത്രത്തിലെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് കൊച്ചിയിലും ഗുരുവായൂരിലും ഒരുക്കിയിട്ടുള്ളത്.

വിവധ വഴിപാടുകള്‍ നടത്തുവാനും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കളഭച്ചാര്‍ത്ത് ഉള്‍പ്പെടെയുളള വഴിപാടുകള്‍ നടത്താനും നിര്‍ദേശം നിര്‍ദ്ദേശമുണ്ട്. ഒരു ഉരുളി നെയ്യ് മോദി ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിക്കും. മുഴുക്കാപ്പ് കളഭച്ചാര്‍ത്ത് വഴിപാടും നടത്തണമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് പറഞ്ഞു. ഒരു മണിക്കൂറോളം മോദി ക്ഷേത്രത്തില്‍ ഉണ്ടാകും. പ്രധാനമന്ത്രിയെത്തുമ്പോള്‍ താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം നടത്താനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.

തുടര്‍ന്ന്, 11.25ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബിജെപിയുടെ പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായ ശേഷമുളള ആദ്യത്തെ പൊതുയോഗമാണ് ഇത്. അഭിനന്ദന്‍ സഭ എന്ന് പേരിട്ടാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.