ഇത് റോഡ് ആണ്, മഴ പെയ്തപ്പോൾ മുട്ടോളം വെള്ളം !

വക്കം: ചാവടിമുക്ക് വെളിവിളാകം രണ്ടാം ഗേറ്റ് റോഡിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നു. വക്കം ഹയർ സെക്കൻഡറി സ്കൂൾ, ഇലക്ട്രിസിറ്റി ഓഫീസ്, വക്കം പബ്ളിക് മാർക്കറ്റ്, കുളങ്ങര ക്ഷേത്രം, വക്കം വൈദ്യുതി ഓഫീസ്, മരുതൻവിളാകം എൽ.പി.എസ് തുടങ്ങിയ സ്ഥലങ്ങളിൽ എത്താനായി നല്ലൊരുഭാഗം ജനങ്ങൾ ഈ റോഡാണ് ഉപയോഗിക്കുന്നത്. മഴ പെയ്ത് തുടങ്ങിയതോടെ രണ്ടാം ഗേറ്റിന് സമീപം റോഡിൽ മുട്ടൊപ്പം വെള്ളമാണ്. വെള്ളം ഒഴുകി പോകാൻ ആവശ്യം വേണ്ട ഓടയില്ലാത്തതാണ് ഈ വെള്ളകെട്ടിന് കാരണം. വിദ്യാർത്ഥികൾ മുട്ടൊപ്പം നനഞ്ഞാണ് സ്കൂളിൽ എത്തുന്നത്. വെളിവിളാകം ഭാഗങ്ങളിൽ നിന്നും കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ പോകേണ്ട യാത്രക്കാരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ആയതിനാൽ വളരെ കുടുതൽ ഗതാഗത തിരക്കുളള റോഡാണ്. രാത്രിവരുന്ന ട്രെയിൻ യാത്രക്കാരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. പഞ്ചായത്തിൽ പരാതി കൊടുത്തെങ്കിലും പഞ്ചായത്തിന്റെ ശ്രദ്ധ ഉണ്ടാകുന്നില്ലന്നാണ് നാട്ടുകാർ പറയുന്നത്, യാത്രക്കാരുടെ ബുദ്ധിമുട്ടിന് അടിയന്തര പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.