മഴ പെയ്താൽ ഇവിടം നീന്തിക്കടക്കണം !

വെമ്പായം:  എം.സി. റോഡിൽ വട്ടപ്പാറ മുതൽ വെമ്പായം വരെയുള്ള ഭാഗത്ത് മഴപെയ്താൽ  വെള്ളക്കെട്ട് പതിവാകുന്നു. വട്ടപ്പാറ പോലീസ് സ്റ്റേഷൻ കഴിഞ്ഞുള്ള വളവിലും, എൽ. എം.എസ്. സ്കൂളിനു മുന്നിലും വെമ്പായം ജങ്ഷനിലും സമീപമുള്ള സ്വകാര്യ ഹോട്ടലിനു മുന്നിലുമാണ് വെള്ളക്കെട്ടുകൾ ഉണ്ടാകുന്നത്.

മഴപെയ്താൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സൗകര്യം ഇവിടെയില്ല. ഓടകൾ അടഞ്ഞ നിലയിലാണ്. വെമ്പായം ജങ്ഷനിലെ ഓടകളിൽ മണ്ണുനിറഞ്ഞും ഓടകൾ സ്വകാര്യവ്യക്തികൾ കൈയേറി മണ്ണിട്ട് നികത്തുകയും ചെയ്തിരിക്കുകയാണ്. ഓടകൾക്കു മുകളിൽ നടക്കുന്ന കച്ചവടവും വെള്ളം ഒഴുകിപ്പോകുന്നതിന് അസൗകര്യം സൃഷ്ടിക്കുന്നു.

വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ എം.സി. റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമാകുന്നു. വാഹനങ്ങൾ പോകുമ്പോൾ സമീപത്തെ കടകളിലേക്കും വീടുകളിലേക്കും വെള്ളം തെറിച്ചുവീഴുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. ഓടകൾ നവീകരിച്ചു വെള്ളം ഒഴുകിപ്പോകുന്നതിനു സൗകര്യം ഒരുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം