ഈ സ്റ്റേഡിയത്തിന്റെ നവീകരണം കാത്ത് കായിക പ്രേമികൾ

വിതുര : വിതുര ഗ്രാമപ്പഞ്ചായത്തിനു കീഴിലെ സ്റ്റേഡിയത്തിന്റെ നവീകരണം വൈകുന്നതായി പരാതി. പൊന്മുടിപ്പാതയിൽ കെ.പി.എസ്.എം. ജങ്ഷനുസമീപമുള്ള സ്റ്റേഡിയവും കളിസ്ഥലവുമാണ് കാടുകയറി നശിക്കുന്നത്. കായിക പാരമ്പര്യമുള്ള മലയോര പഞ്ചായത്തിന്റെ ഏക ആശ്രയമാണ് ഈ സ്റ്റേഡിയം. പഞ്ചായത്തിന്റെ അരയേക്കർ ഭൂമിയിലാണ് ഈ കളിസ്ഥലം. റോഡിൽനിന്ന് ഏറെ താഴ്ന്ന സ്ഥലമായതിനാൽ മഴയത്ത് വെള്ളക്കെട്ടാകും. പിന്നീട് കുറേക്കാലം ഇറങ്ങാൻ കഴിയില്ലെന്നാണ് പ്രദേശത്തെ കായികപ്രേമികൾ പറയുന്നത്. നവീകരണത്തിനായി പല പദ്ധതികളും ആവിഷ്കരിക്കുമെന്ന വാഗ്ദാനങ്ങൾ കടലാസിലുറങ്ങുന്നതായും ആക്ഷേപമുണ്ട്.

രണ്ടുവർഷം മുൻപ്‌ ലക്ഷങ്ങൾ െചലവിട്ട പ്രവേശനകവാട നിർമാണമാണ് ആകെ നടന്ന നവീകരണ പ്രവർത്തനം. ഇതുകൊണ്ടു പ്രത്യേക പ്രയോജനമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഈ തുകയ്ക്ക് ചുറ്റുമതിലോ മറ്റു സൗകര്യങ്ങളോ ഒരുക്കുകയാണ് വേണ്ടിയിരുന്നതെന്നാണ് അവരുടെ പക്ഷം. കന്നുകാലികളെ മേയ്ക്കാനുള്ള സ്ഥലമായി മാറിയിരിക്കുകയാണ് ഈ കളിക്കളം. ഇടയ്ക്ക് പ്രാദേശിക ക്ലബ്ബുകളുടെ ചില മത്സരങ്ങൾ നടന്നേക്കാം. വർഷത്തിലൊരിക്കലോ മറ്റോ നടക്കുന്ന ചില യോഗങ്ങളോ കൺവൻഷനുകളോ ആണ് ഇവിടത്തെ പ്രധാനപരിപാടി. കഴിഞ്ഞ പഞ്ചായത്ത്‌ സമിതിയുടെ കാലത്ത് ഇവിടെ നീന്തൽക്കുളം നിർമിക്കാൻ പദ്ധതിയിട്ടെങ്കിലും നാട്ടുകാരുടെ എതിർപ്പ് തടസ്സമായി. പിന്നീടുവന്ന ഇൻഡോർസ്റ്റേഡിയം നിർമാണപദ്ധതിയും നടന്നില്ല. അടിയന്തരമായി നവീകരിച്ച് കളിസ്ഥലത്തെ സംരക്ഷിക്കണമെന്നാണ് കായികപ്രേമികളുടെ ആവശ്യം.