രണ്ടര വയസ്സുകാരനെ വീട്ടിനുള്ളിൽ കയറി തെരുവുനായ ആക്രമിച്ചു : കൈ വിരൽ കടിച്ചെടുത്തു

നെടുമങ്ങാട് : രണ്ടര വയസുകാരനെ വീട്ടിനുള്ളിൽ കയറി തെരുവ് നായ ആക്രമിച്ചു. വീട്ടിനുള്ളിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെയാണ് തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ കുട്ടിയുടെ മുഖത്തും കൈയ്ക്കും ഗുരുതര പരിക്കേറ്റു. നെടുമങ്ങാട് പത്താംകല്ല് വി.ഐ.പിയിൽ നാന ഹൗസിൽ അസ്‌ലം അഥീന ദമ്പതികളുടെ മകൻ അയാൻ(രണ്ടര വയസ്സ്) നെയാണ് തെരുവ് നായ ആക്രമിച്ചത്. കുഞ്ഞിന്റെ നിലവിളി കേട്ടു അമ്മ ഓടിയത്തെത്തിയപ്പോൾ കണ്ടത് കുട്ടിയെ നായ അക്രമിക്കുന്നതാണ്. നായയെ ഓടിക്കാൻ ശ്രമിച്ചപ്പോൾ അമ്മയ്ക്ക് നേരെ തിരിഞ്ഞു. ഇവരുടെ നിലവിളി കേട്ടെത്തിയ മറ്റുള്ളവരാണ് നായയെ ഓടിച്ചത്. മുഖത്തും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളേജിൽ എത്തിച്ചു. കുഞ്ഞിന്റെ കൈ വിരൽ നായ കടിച്ചെടുത്തു. മെഡിക്കൽ കോളേജിലെ പ്രാഥമിക ചികിത്സക്ക് ശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് പ്ലാസ്റ്റിക് ശാസ്ത്രക്രിയ നടത്തി. കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. ഈ ഭാഗത്തു അറവു മാലിന്യം തള്ളുന്നതിനാൽ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി നേരത്തെ പരാതി വ്യാപകമായിരുന്നു.