‘നല്ലൊരു കാറ്റ് വീശിയാൽ പറന്നു പോകുന്ന വീട്’ : നാലാം ക്ലാസുകാരി പരാതിയുമായി അധികൃതരിലേക്ക്…

വക്കം: വലിയ സൗകര്യമുള്ള വീടല്ലേ അടച്ചുറപ്പുള്ള വീടാണ് ഈ നാലാം ക്ലാസുകാരി മോഹിക്കുന്നത്. അതിനായി അഭിരാമി പരാതിയുമായി അധികൃതരുടെ മുന്നിലേയ്ക്ക്. വക്കം തോപ്പിക്ക വിളാകം റെയിൽവേ ഗേറ്റിന് സമീപം റെയിൽവേ പുറമ്പോക്കിൽ പ്ലാസ്റ്റിക്ക് ഷീറ്റിൽ നിർമ്മിച്ച ഒറ്റമുറി വീട്ടിലാണ് നാലാം ക്ലാസ് വിദ്യാർത്ഥിനിയായ അഭിരാമി, ആശ വർക്കറായ അമ്മ രമ, മുത്തശ്ശി ലക്ഷമി എന്നിവർ താമസിക്കുന്നത്.

ശക്തമായ മഴയോ കാറ്റോ വന്നാൽ മേൽക്കൂര ഇളകി വീട് മുഴുവൻ വെള്ളം വീഴും. മൂന്ന് വർഷം മുൻപ് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും വീട് വെയ്ക്കാനായി പള്ളിമുക്കിൽ അഞ്ച് സെന്റ് സ്ഥലം ലഭിച്ചതാണ്. ഇവിടെ വീടിനായി വർഷങ്ങളായി ഗ്രാമപഞ്ചായത്തിൽ കയറിയിറങ്ങുകയാണ് രമ. എന്നാൽ ഗുണഭോക്താക്കളുടെ ലിസ്റ്റിൽ രമയുടെയും കുടുംബത്തിന്റെയും പേര് ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. രമയ്ക്ക് ആശാ വർക്കറായി ജോലിയുണ്ടെങ്കിലും സർക്കാർ നൽകുന്ന തുശ്ചമായ വേതനം യഥാസമയം ലഭിക്കാത്തത് മൂലം പലപ്പോഴും കുടുംബം പട്ടിണിയിലാണ്. വൃദ്ധയായ മാതാവിനെ നോക്കുന്നതും രമയാണ്. കുടുംബത്തിന്റെ ദയനീയ സ്ഥിതി കണ്ടറിഞ്ഞ വക്കത്തെ ശിവഗിരി ശ്രീ ശാരദ വിദ്യാനികേതൻ സ്കൂൾ മാനേജ്മെന്റാണ് എൽ.കെ.ജി മുതലുള്ള അഭിരാമിയുടെ പഠന ചെലവ് വഹിക്കുന്നത്.