പാലീയേറ്റീവ് രോഗികളെ കിടത്തിച്ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കും,  വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും

ജൂൺ രണ്ടാം വാരത്തോടെ ഒരു കോടി പത്തുലക്ഷം രൂപ ചിലവഴിച്ച് പുനർനിർമ്മാണം നടത്തിയ ഐ.പി. കെട്ടിടം ആരോഗ്യ വകുപ്പു മന്ത്രി ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും

വക്കം: വക്കം റൂറൽ ഹെൽത്ത് സെൻ്ററിൻ്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. ജൂൺ രണ്ടാം വാരത്തോടെ ഒരു കോടി പത്തുലക്ഷം രൂപ ചിലവഴിച്ച് പുനർനിർമ്മാണം നടത്തിയ ഐ.പി. കെട്ടിടം ആരോഗ്യ വകുപ്പു മന്ത്രി ഷൈലജ ടീച്ചർ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. അഡ്വ ബി സത്യൻ എം.എൽ.എയുടെ ശ്രമഫലമായാണ് ഒരു കോടി പത്തുലക്ഷം രൂപ സർക്കാർ അനുവദിച്ചത്. സമഗ്രമായി രോഹി സുഹൃദ മാതൃകാകേന്ദ്രമായി ആശുപത്രിയെ മാറ്റുകയാണ് ലക്ഷ്യം. അഞ്ഞൂറോളം പാവപ്പെട്ട രോഗികൾ എത്തുന്ന ആശുപത്രിയാണ് വക്കം റൂറൽ ഹെൽത്ത് സെന്റർ, കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അരക്കോടി രൂപ മറ്റു കെട്ടിടങ്ങൾ നവീകരിക്കുവാൻ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ചിലവഴിച്ചിട്ടുണ്ട്. ഫാർമസി, ലാബ്, എന്നിവ നവീകരിക്കും ഡോ.എ.സമ്പത്ത് നൽകിയ ആംബുലൻസ് ഒരു ഡ്രൈവറെ കൂടി നിയമിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ പ്രയോജനപെടുത്തും. പാലിയേറ്റീവ് പ്രവർത്തനത്തിനാണ് ഇപ്പോൾ ആംബുലൻസ് ഉപയോഗിക്കുന്നത്. പാലീയേറ്റീവ് രോഗികളെ കിടത്തിചികിത്സയ്ക്കുള്ള സൗകര്യം ഒരുക്കും. രണ്ടു മിനി ഹൈമാസ്റ്റ് ലൈറ്റു കൂടി ആശുപത്രിയിൽ ആശുപത്രിയുടെ മുൻവശത്തും ഐ.പി കെട്ടിടത്തിൻ്റെ മുന്നിലും സ്ഥാപിക്കും. ഇപ്പോൾ ഒ.പി പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ പുറകുവശത്തുള്ള പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയ ബഹുനില മന്ദിരം പണിയും. ഐ.പി. ആരംഭിക്കുന്നതിനായി അത്യാവശ്യം വേണ്ടുന്ന ഫർണിച്ചർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ലഭിക്കുന്നതിന് ബാങ്കുകൾ ,സന്നദ്ധ സംഘടനകൾ ,വ്യക്തികൾ എന്നിവരുടെ സഹായം അഭ്യർത്ഥിക്കുവാനും യോഗം തീരുമാനിച്ചു.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുഭാഷ് അധ്യക്ഷനായി. അഡ്വ. ബി സത്യൻ എം എൽ എ, പഞ്ചായത്ത് പ്രസിഡൻ്റ് എസ് വേണുജി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ഗീതാസുരേഷ്, പഞ്ചായത്തംഗം പീതാംബരൻ, ബി.ഡി.ഒ.വിഷ്ണു മോഹൻദേവ് , എ.എം.ഒ ഡോ സിജു, ഡോ രാമകൃഷണ ബാബു, അജയകുമാർ, ബൈജു, കെ.ഡബ്ലിയു.എ അസി.എക്സിക്യൂട്ടീവ് എൻജീനീയർ എസ് ബൈജു, കെ.എസ്.ഇ.ബി അസി.എൻജിനിയർ സജീവ്, പി.ഡബ്ലിയു.ഡി അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ ഷിബൂജൻ, ഗിരീഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.