വെഞ്ഞാറമൂട്ടിൽ വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് വൈദ്യുതി ഓഫീസിന്റെ കീഴിൽ വൈദ്യുതിമുടക്കം പതിവാകുന്നതായി പരാതി. കാലവർഷം തുടങ്ങിയതു മുതലാണ് വൈദ്യുതി മുടക്കം പതിവായത്. ഒരുദിവസം തന്നെ പലപ്രാവശ്യമാണ് വൈദ്യുതിമുടക്കമുണ്ടാകുന്നത്. ചിലസമയത്ത് വൈദ്യുതി മുടങ്ങിയാൽ പുനഃസ്ഥാപിക്കാൻ എടുക്കുന്നത് മണിക്കൂറുകളാണ്.മഴയുള്ള സമയത്ത് മരങ്ങളൊടിഞ്ഞുവീണ് വൈദ്യുതി മുടങ്ങുന്നത് സ്വാഭാവികമാണ്. മഴയില്ലാത്ത ദിവസങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ് ഉപഭോക്താക്കളെ വലയ്ക്കുന്നത്.

ചിലപ്പോൾ അഞ്ചുമിനിറ്റിനു താഴെയാണ് വൈദ്യുതി മുടങ്ങുന്നത്. അപ്പോൾ സ്ഥാപനങ്ങളിൽ ജനറേറ്റർ ഓണാക്കും. അഞ്ചുമിനിറ്റ്‌ കഴിയുമ്പോൾ വൈദ്യുതി പുനഃസ്ഥാപിക്കും. പിന്നെ ജനറേറ്റർ ഓഫാക്കേണ്ടിവരും. ഇത് ഒരുദിവസംതന്നെ പലതവണയാകുന്നതാണ് സ്ഥാപനങ്ങളെ കുഴയ്ക്കുന്നത്.ജൂൺമാസത്തിലെ വൈദ്യുതിമുടക്കം ഗാർഹിക ഉപഭോക്താക്കളെയും ഏറെ ദുരിതത്തിലാക്കുകയാണ്.സ്കൂളുകളിൽ വിവരസാങ്കേതിക വിദ്യാപഠനവും മുടങ്ങുകയാണ്. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും പ്രവൃത്തിദിന റിപ്പോർട്ട് ഓൺലൈനായി അയയ്ക്കേണ്ടത് വെഞ്ഞാറമൂട്ടിലെ മിക്ക സ്ഥലത്തും മുടങ്ങി. സ്കൂൾ ജീവനക്കാരുടെ നിയമനം തീരുമാനിക്കുന്ന വിവരങ്ങൾ സർക്കാരിലേക്ക് അയയ്ക്കേണ്ടതുള്ളതു കൊണ്ടു സ്കൂളുകളിൽ ജനറേറ്റർ വാടകയ്ക്കെടുത്ത് കംപ്യൂട്ടർ പ്രവർത്തിപ്പിക്കേണ്ടി വന്നു.

മഴക്കാലത്ത് മരം ഒടിഞ്ഞുവീഴുന്നതാണ് വൈദ്യുതിമുടക്കത്തിനു പ്രധാന കാരണമെന്നാണ് കെ.എസ്.ഇ.ബി. അധികൃതർ പറയുന്നത്. കൂടാതെ ലൈനുകളിൽ അധിക വൈദ്യുതി പ്രവാഹമുണ്ടാകുമ്പോൾ സ്വയം ലൈനുകൾ അൽപ്പസമയം ഓഫാകുന്ന ക്രമീകരണമാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് ഇടയ്ക്ക് രണ്ടുമിനിറ്റിനു താഴെ വൈദ്യുതി മുടങ്ങുന്നത്. വൈദ്യുതി പുനഃസ്ഥാപിക്കാൻ 24 മണിക്കുറും സേവനം കൊടുക്കുന്ന ക്രമീകരണമാണ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ നടത്തിവരുന്നതെന്നും കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു.