സ്വന്തം സ്ഥലം ഉണ്ടെങ്കിലും വാടകക്കെട്ടിടത്തിൽ ഒരു ഹോമിയോ ആശുപത്രി

വിതുര: വിതുര ഹോമിയോ ആശുപത്രി പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിൽ. വർഷങ്ങളായി കെ.പി.എസ്.എം. ജങ്ഷനിലുള്ള വാടകക്കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തനം. റോഡിൽ നിന്ന് താഴ്ന്നാണ് ആശുപത്രി. ഈ അസൗകര്യം രോഗികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. പേപ്പാറ റോഡിന്റെ വശത്തായി ആശുപത്രിക്ക് സ്ഥലമുണ്ട്.

സ്വന്തമായി സ്ഥലമുണ്ടെങ്കിലും അധികാരികളുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ് പ്രധാന തടസ്സമെന്ന് നാട്ടുകാർ പറയുന്നു. കുട്ടികളുൾെപ്പടെ നിരവധി പേരാണ് ദിവസവും ചികിത്സയ്ക്കായി ഇവിടെയെത്തുന്നത്. ഗവ.ഹോമിയോ ആശുപത്രിക്ക് കെട്ടിടം പണിയാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഫ്രാറ്റ് മേഖലാക്കമ്മിറ്റി ആവശ്യപ്പെട്ടു.

സാധാരണക്കാരുടെ ആശ്രയമായ ആ ശുപത്രി സംരക്ഷിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ, സെക്രട്ടറി തെന്നൂർഷിഹാബ് എന്നിവർ പറഞ്ഞു. ആശുപത്രി കെട്ടിടത്തിനായി സർക്കാർ 51-ലക്ഷം അനുവദിച്ചിട്ടുണ്ട്. പേപ്പാറ റോഡിന്റെ വശത്ത് അങ്കണവാടിയുടെ സമീപത്തുള്ള പഞ്ചായത്തു വക സ്ഥലത്ത് ആശുപത്രിനിർമാണ പ്രവർത്തനങ്ങൾ ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുമെന്ന് ക്ഷേമകാര്യസ്ഥിരംസമിതി അധ്യക്ഷൻ ഷാഹുൽനാഥ് അലിഖാൻ പറഞ്ഞു.