ഇന്ന് രക്തദാന ദിനം :ഈ അധ്യാപകനെ കുറിച്ച് അറിയണം !

അരുവിക്കര : വിദ്യാർത്ഥികൾക്ക് അറിവ് നൽകുന്നതിനിടയിലും ഈ അധ്യാപകൻ രക്തം നൽകിയത് നിരവധി പേർക്ക്. ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനും, നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറുമായ ആര്യനാട് പള്ളിവേട്ട അൽ കൗസറിലെ സമീർ സിദ്ദീഖി മാതൃകയാകുകയാണ്. കൂടാതെ രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് നൂറിൽ പരം ബോധവത്ക്കരണ ക്ലാസും, രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്.

കോളേജ് പഠനത്തിനിടയിൽ ഒരു നോയമ്പ് കാലത്ത് അമ്മയുടെ സഹോദരനും വിഴിഞ്ഞം സ്വദേശിയും മൃഗഡോക്ടറുമായ മുഹമ്മദ് സുൾഫിക്കറിന്റെ പ്ലസ്ടു വിന് പഠിച്ചു കൊണ്ടിരുന്ന മൂത്ത മകൻ ദിൽഷാദിന് ഡങ്കിപനി വന്ന് കിംസ് ഹോസ്പിറ്റലിലെ ഐ.സി.യു വിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് ക്രമാതീതമായി കുറഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന സമയത്ത് പ്ലേറ്റ്ലെറ്റിനായി ഓടിയിട്ടും ലഭിക്കാത്ത സാഹചര്യം വന്നപ്പോൾ റംസാൻ മാസത്തിലെ വ്രതം (നൊയമ്പ്) രാവിലെ തന്നെ അവസാനിപ്പിച്ച് ആഹാരം കഴിച്ചതിന് ശേഷം പ്ലേറ്റ്ലെറ്റ് നൽകി ഒരു ജീവൻ രക്ഷിച്ചതായിരുന്നു രക്തദാനത്തിന് പ്രചോദനമായത്. രക്തം സ്വീകരിച്ച ആ കുട്ടി ഇന്ന് അറിയപ്പെടുന്ന ഒരു ആയുർവേദ ഡോക്ടറാണ്. അഞ്ച് വയസുള്ള ആലപ്പുഴ സ്വദേശിയായ കുട്ടിയ്ക്ക് തിരുവനന്തപുരം റീജീയണൽ കാൻസർ സെന്ററിൽ വച്ച് രക്തദാനം ചെയ്തിറങ്ങുമ്പോൾ കുഞ്ഞിന്റെ അമ്മ പാരിതോഷികമായി സ്വന്തം കൈയിൽ കിടന്ന സ്വർണമോതിരം ഊരി നൽകിയ നിമിഷം കണ്ണും മനസും നിറഞ്ഞു പോയി, ഇത് ഒരിക്കലും മറക്കില്ലെന്നും ഈ അധ്യാപകൻ പറയുന്നു. വിവാഹ വാർഷികം, ജന്മദിനം, പുതുവത്സരം തുടങ്ങിയ ദിവസങ്ങളിൽ ഭാര്യ തസ്നിമിനൊപ്പം പോയി രണ്ട് പേരും ഒരുമിച്ച് രക്തം നൽകാറുമുണ്ട്.

പ്രിഷ്യസ് ഡ്രോപ്പ്സ് ബ്ലഡ് ഡൊണേഷൻ ഫോറം ഏർപ്പെടുത്തിയ കഴിഞ്ഞ വർഷത്തെ ബസ്റ്റ് കപ്പിൾ ബ്ലഡ് ഡോണർ അവാർഡും, രക്തദാന പ്രവർത്തന രംഗത്തുള്ള സമഗ്ര സംഭാവനയ്ക്കുള്ള തെറുമോ പെൻപോൾ അവാർഡും, മികച്ച രക്തദാതാവിനുള്ള വേണു ബ്ലഡ് ഡൊണേഷൻ കുണ്ടറയുടെ അംഗീകാരവും നേടിയിട്ടുണ്ട്. അടൂർഫാസികൾച്ചറൽ ഫോറം മികച്ച സാമൂഹിക സേവനത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനും നൽകുന്ന കർമ്മ രത്ന പുരസ്കാരവും, മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്ക് കേന്ദ്ര ഗവൺമെന്റ് നൽകുന്ന നാഷണൽ യംഗ് ലീഡർ അവാർഡും, സംസ്ഥാന സർക്കാരിന്റെ ഡയറക്ടററേറ്റ് തലത്തിലെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന പത്തിൽ പരം രക്തദാന ഗ്രൂപ്പുകളിലെ സജീവ അംഗവുമാണ്.

വർഷങ്ങൾക്ക് മുൻപ് പഠിപ്പിച്ച പൂർവ്വ വിദ്യാർത്ഥികളെയും ഒപ്പം ജോലി നോക്കിയിരുന്ന അധ്യാപകരെയും ഉൾപ്പെടുത്തിക്കൊണ്ട് രക്ത ദാതാക്കളുടെ ഗ്രൂപ്പ് ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡയറക്ടറിയും സൂക്ഷിച്ചിട്ടുണ്ട്. രോഗികൾക്ക് രക്തം എത്തിക്കുന്നതിനും രക്തദാതാക്കളെ കണ്ടെത്തുന്നതിനും, രക്ത ദാന സന്ദേശം എല്ലാവരിലും എത്തിക്കുന്നതിനും ഏറ്റവും ഫലപ്രദം നവമാധ്യമങ്ങളായ വാട്ട് സാപ്പ് ഗ്രൂപ്പുകളും, ഫേസ്ബുക്കുമാണെന്ന് സമീർ സിദ്ദീഖി പറയുന്നു. മൊബൈൽ ഫോണിൽ മറ്റുള്ളവരുടെ ഫോൺ നമ്പർ സേവ് ചെയ്യുമ്പോൾ പേരിനോടൊപ്പം രക്ത ഗ്രൂപ്പ് കൂടി ഉൾപ്പെടുത്തിയാൽ രക്തം ആവശ്യമായി വരുമ്പോൾ ആവശ്യമുള്ള രക്തദാതാക്കളെ വേഗം കണ്ടുപിടിയ്ക്കാൻ കഴിയുമെന്നതിനാൽ ഈ രീതി എല്ലാപേരും ഒന്നു പരീക്ഷിച്ചു നോക്കു. രണ്ടായിരത്തി പത്തൊൻപതാം വർഷത്തിലെ പത്തൊൻപതാമത്തെ രക്തദാനത്തിനായി കാത്തിരിയ്ക്കുകയാണ് ഈ അധ്യാപകനും കുടുംബവും.


സമീർ സിദ്ദീഖ്
9447220 332