ദൈവം യൂസഫലിയുടെ രൂപത്തിൽ : ആത്മഹത്യ വക്കിൽ നിന്ന് സീതയും കുടുംബവും രക്ഷപ്പെട്ടത് ഇങ്ങനെ,

തിരുവനന്തപുരം നഗരത്തില്‍ ഷീ ഓട്ടോ ഓടിക്കുന്ന ഏക വനിതയായ സീതയുടെ അതിജീവനത്തിന് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ മരണത്തിന്റെ വക്കില്‍ നിന്ന് പുതുജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് അറിയിക്കുകയാണ് സീതയും കുടുംബവും. ഗുരുതരമായ ക്യാന്‍സര്‍ ബാധിച്ച ഭര്‍ത്താവിന് എറണാകുളം അമൃത ആശുപത്രിയില്‍ മൂന്നു ശസ്ത്രക്രിയക്കും ചികിത്സക്കുമായി പത്തുലക്ഷത്തോളം രൂപ ചെലവാക്കേണ്ടി വന്ന ഘട്ടത്തില്‍ ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാനാകാതെ ജപ്തി നടപടി നേരിട്ടപ്പോഴാണ് ദൈവം എം എ യൂസഫലിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതെന്ന് സീത പറയുന്നു. കടക്കെണി ജീവിതം തകര്‍ക്കുമെന്ന് ഉറപ്പായതോടെ കൂട്ട ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് യൂസഫലി സഹായ ഹസ്തവുമായി എത്തിയത്. അഞ്ച് ലക്ഷം രൂപയുടെ ബാധ്യത തീര്‍ത്ത് അദ്ദേഹം സീതക്കും കുടുംബത്തിനും കിടപ്പാടം തിരിച്ചു നല്‍കി.

അവസാനിച്ചെന്ന് കരുതിയ ജീവിതം എം എ യൂസഫലി നല്‍കിയ തുണയില്‍ തിരിച്ചു പിടിച്ചതോടെ സീതയുടെ ജീവിതത്തില്‍ അതിജീവനത്തിന്റെ പുതിയൊരു അധ്യായം തുറക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച്് വര്‍ഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന സീത അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഇന്ന് സുരക്ഷിത ജീവിതം നയിക്കുന്നു. സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രക്കായി നഗരത്തില്‍ സിറ്റി പോലീസ് ആരംഭിച്ച 120 ഷീ ഓട്ടോകളുടെ ഡ്രൈവര്‍മാരിലെ ഏക വനിതയായ സീതക്ക് പ്രതിദിനം ആയിരം മുതല്‍ രണ്ടായിരം രൂപ വരെ വരുമാനം ലഭിക്കുന്നു. ആറ് മാസത്തിലധികം ജീവിച്ചിരിക്കില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് റീജനല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഭര്‍ത്താവിന്റെ തുടര്‍ ചികിത്സക്കും കുടുംബ ചെലവുകള്‍ക്കും ഇത് ധാരാളമാണെന്ന് സീത പറയുന്നു. അടിയന്തര സാഹചര്യങ്ങളില്‍ റീജണല്‍ കാന്‍സര്‍ സെന്റര്‍ ലേക്ക് പോകുന്ന രോഗികള്‍ക്ക് സീത സൗജന്യ യാത്രയാണ് നല്‍കുന്നത്.
ഇളയ മകളുടെ മരണം ഏല്‍പിച്ച ആഘാതമുള്‍പ്പെടെ ഒരുപാട് കഷ്ടപ്പാടുകള്‍ അതിജീവിച്ച സീത, ഏത് വലിയ പ്രതിസന്ധിയിലും ശുഭപ്രതീക്ഷ കൈവിടരുതെന്നും ദൈവത്തിന്റെ രൂപത്തില്‍ എം എ യൂസഫലിയെ പോലെ ആരെങ്കിലും ജീവിതത്തിലേക്ക് കടന്നുവരുമെന്നുമാണ് പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കുടുംബങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം.