യുവാവിന്റെ ദുരൂഹ മരണം പൊലീസ് തെറ്റായ മൊഴി രേഖപ്പെടുത്തി കേസ് അട്ടിമറിച്ചതായി അമ്മയുടെ പരാതി

നെടുമങ്ങാട് : പെയിന്റിംഗ് തൊഴിലാളിയായ യുവാവിന്റെ ദുരൂഹ മരണം സംബന്ധിച്ച് പൊലീസ് തെറ്റായ മൊഴി രേഖപ്പെടുത്തി കേസ് അന്വേഷണം അട്ടിമറിച്ചതായി അമ്മ ഡി.ജി.പിക്ക് പരാതി നൽകി. ഉഴമലയ്ക്കൽ പരുത്തിക്കുഴി എം.ആർ വിലാസത്തിൽ രജിത്തിന്റെ (28) മരണവുമായി ബന്ധപ്പെട്ട് അമ്മ എസ്. രമണിയാണ് ലോക്കൽ പൊലീസിനെതിരെ പരാതി നൽകിയത്. ഏപ്രിൽ ഒന്നിന് പുലർച്ചെ വീടിനു മുറ്റത്തെ മാവിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട രജിത്തിനെ, രാത്രിയിൽ റജി എന്ന സുഹൃത്ത് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും തടയാൻ ശ്രമിച്ച തന്നെ അസഭ്യം വിളിച്ചതായും രമണി പരാതിയിൽ പറയുന്നു. വീട്ടിൽ മകനും താനും മാത്രമാണുള്ളത്. മകന്റ മരണ വാർത്തയറിഞ്ഞ് ശ്രീകാര്യത്ത് നിന്നെത്തിയ മരുമകൻ സനീഷിൽ നിന്ന് മൊഴി എടുത്ത വലിയമല പൊലീസ് തെറ്റായ വിവരങ്ങളാണ് രേഖപ്പെടുത്തിയത്. പൊലീസ് സ്റ്റേഷന് സമീപത്തെ കാന്റീൻ ജീവനക്കാരിയായ യുവതിയുടെ ഭർത്താവാണ് മകന്റെ മരണത്തിന് തൊട്ടുമുമ്പ് വീട്ടിൽ വന്ന് മകനെ കൈയേറ്റം ചെയ്യുകയും തന്നെ അസഭ്യം പറയുകയും ചെയ്തത്. യുവതിയുമായുള്ള വ്യക്തിപരവും സാമ്പത്തികവുമായ ഇടപാടുകളാണ് മകന്റെ മരണത്തിൽ കലാശിച്ചതെന്നും ഇതുസംബന്ധിച്ചുള്ള തന്റെ മൊഴി രേഖപ്പെടുത്താൻ വലിയമല പൊലീസ് തയ്യാറാവുന്നില്ലെന്നുമാണ് രമണിയുടെ പരാതി. യുവതിയെ പലപ്പോഴും ജോലിക്ക് ബൈക്കിൽ കൊണ്ടു പോകുന്നത് രജിത്ത് ആയിരുന്നെന്നും ഇതറിഞ്ഞപ്പോൾ പലവട്ടം താൻ മകനെ വിലക്കിയിട്ടുണ്ടെന്നും പരാതിയിലുണ്ട്. മാർച്ച് 31ന് വൈകിട്ട് വാഹനത്തിന്റെ ഫിനാൻസ് തുക അടയ്ക്കുന്നതിന് പണം തന്റെ കൈവശം തന്നതിനു ശേഷം മറ്റൊരു സുഹൃത്തുമായി പുറത്ത് പോയ മകൻ രാത്രി 11.30 മണിയോടെയാണ് വീട്ടിലെത്തിയത്. പിന്നാലെ എത്തിയാണ് റജി ഭീഷണി മുഴക്കിയത്. മകന്റെ മരണം തികച്ചും ദുരൂഹമാണെന്നും ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും സുഹൃത്തും ഭാര്യയും തമ്മിലുള്ള വിഷയങ്ങളാണ് മകന്റെ മരണത്തിന് കാരണമെന്നും രമണി പറയുന്നു. ഡി.ജി.പിക്ക് ഇക്കഴിഞ്ഞ 6ന് പരാതി നൽകിയതിനെ തുടർന്ന് പൊലീസ് തന്റെ മൊഴി എടുക്കാൻ പിറ്റേ ദിവസം വീട്ടിലെത്തുമെന്ന് അറിയിച്ചെങ്കിലും ഇതുവരെയും മൊഴി എടുക്കുകയോ കാര്യമായ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല.