ചെമ്പൂരിൽ യുവശക്തി സ്ഥാപിച്ച വെയ്റ്റിങ് ഷെഡ് പൊളിക്കുന്നതിനെതിരെ പ്രതിഷേധം, രാഷ്ട്രീയ ഇടപെടലുകൾ എന്ന് ആരോപണം

മുദാക്കൽ : 44 വർഷമായി ചെമ്പൂര് ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന യുവശക്തി സാംസ്കാരിക സംഘടനയുടെ സിൽവർ ജൂബിലിയുടെ ഭാഗമായി യുവശക്തിയുടെ സ്ഥാപകനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന അന്തരിച്ച കെ.എസ് നായരുടെ സ്മരണാർഥമായിട്ടാണ് 1994ൽ ചെമ്പൂര് എൽ.പി.എസിന് മുന്നിൽ വെയിറ്റിംഗ് ഷെഡ് സ്ഥാപിച്ചത്. എന്നാൽ പിന്നീട് മുദാക്കൽ ഗ്രാമപഞ്ചായത്തിൽ നടന്ന സിപിഎം- ആർഎസ്എസ് ആക്രമണത്തിൽ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ ഡിവൈഎഫ്ഐ പ്രവർത്തകർ വെയിറ്റിംഗ് ഷെഡ് തകർത്തെന്നും അന്ന് ആറ്റിങ്ങൽ പോലീസിൽ സംഘടന പരാതി നൽകിയെങ്കിലും രാഷ്ട്രീയമായ ഇടപെടലും പോലീസിന്റെ ഭീഷണിയും കാരണം കേസുമായി മുന്നോട്ടു പോകാൻ കഴിഞ്ഞില്ലെന്നും യുവശക്തി ഭാരവാഹികൾ പറയുന്നു.

സംഘടനയുടെ 42ആം വാർഷികത്തിന്റെ ഭാഗമായി ഈ വെയിറ്റിംഗ് ഷെഡ് ഒരു സ്പോൺസറെ സംഘടിപ്പിച്ചുകൊണ്ട് പുനരുദ്ധാരണം ചെയ്യാൻ സംഘടന ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് പണി നിർത്തി വെയ്പ്പിക്കുകയും ഭാരവാഹികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്രെ. അതുകാരണം വെയിറ്റിംഗ് ഷെഡ് പുനരുദ്ധാരണം നിർത്തിവെക്കേണ്ടിവന്നു.രാഷ്ട്രീയമായ ഇടപെടലിനെ തുടർന്ന് സ്ഥലം എംഎൽഎ വി ശശി എംഎൽഎ എസ്.ഡി.എഫ് പദ്ധതിയിലുൾപ്പെടുത്തി ഈ സ്ഥലത്ത് പുതിയ വെയിറ്റിംഗ് ഷെഡ് സ്ഥാപിക്കുന്നതിനായി തീരുമാനിക്കുകയായിരുന്നു. സ്കൂളിനു മുന്നിൽ ധാരാളം സ്ഥലം ഉള്ളതിനാൽ എംഎൽഎ സ്ഥാപിക്കുന്ന വെയ്റ്റിംഗ് ഷെഡിന് സംഘടനകൾ സ്വാഗതം ചെയ്തു. എന്നാൽ കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് യുവശക്തിയുടെ വെയിറ്റിംഗ് ഷെഡ് പൊളിച്ച് അതേസ്ഥലത്ത് തന്നെ പുതിയ വെയിറ്റിംഗ് കെട്ടണമെന്ന് എംഎൽഎ വാശിപിടിച്ചപ്പോഴാണ് തങ്ങൾക്ക് എതിർക്കേണ്ടി വന്നതെന്ന് സംഘടന പറയുന്നു. വെയിറ്റിംഗ് ഷെഡ് പണി ചെയ്യുന്ന പിഡബ്ല്യുഡി വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് വർക്കിംഗ് വിശദാംശങ്ങൾ തേടി വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും മനപൂർവ്വം വൈകിപ്പിച്ച് നാളിതുവരെയും ലഭ്യമാക്കിയിട്ടില്ലത്രെ.

ചെമ്പൂര് എൽപിഎസിൽ മുന്നിൽ പുതിയ വെയിറ്റിംഗ് ഷെഡ് കെട്ടുവാൻ ആവശ്യത്തിന് സ്ഥലം ലഭ്യമാണെന്നിരിക്കെ യുവശക്തി സാംസ്കാരിക സംഘടനയുടെ വെയിറ്റിംഗ് ഷെഡ് പൊളിച്ച് അതേസ്ഥലത്ത് തന്നെ പുതിയ വെയിറ്റിംഗ് കെട്ടുവാൻ എംഎൽഎ എടുത്ത രാഷ്ട്രീയപ്രേരിതമായ നടപടികൾക്കെതിരെ നടന്ന പ്രതിഷേധത്തിന് അഭിജിത്ത് എം, എസ് പ്രശാന്ത്, കുമാർ, അഭിഷേക്, ജിത്തു തുടങ്ങിയവർ നേതൃത്വം നൽകി.