‘5 വർഷം കൊണ്ട് 95% നഗരങ്ങളും ക്ലീൻ’ : നിർമിച്ചത് 9.6 കോടി ശുചിമുറികൾ

ന്യൂഡൽഹി: രാജ്യത്തെ അഞ്ച് ലക്ഷത്തോളം ഗ്രാമങ്ങള്‍ പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനത്തിൽ നിന്ന് മുക്തമായെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമൻ. 2014 മുതൽ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി 9.6 കോടി ശുചിമുറികള്‍ നിര്‍മിച്ചെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. രാജ്യത്തെ 95 ശതമാനം നഗരങ്ങളും നേട്ടം കൈവരിച്ചതായും ധനമന്ത്രി അറിയിച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തിൽ രാജ്യം ഇക്കാര്യത്തിൽ പൂര്‍ണ്ണനേട്ടം കൈവരിച്ചതായി പ്രഖ്യാപിക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമൻ അറിയിച്ചു.

പ്രധാനമന്ത്രി പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി 80 ലക്ഷത്തോളം വീടുകള്‍ക്ക് അനുമതി നല്‍കിയതായി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിര്‍മലാ സീതാരാമൻ അഭിപ്രായപ്പെട്ടു. 2022ഓടെ എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളം എത്തിക്കുമെന്നും എല്ലാ വീടുകള്‍ക്കും വൈദ്യുതി, എൽപിജി കണക്ഷനുകള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ആത്മാവ് ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ധനമന്ത്രി ഓര്‍മപ്പെടുത്തി. ഗ്രാമങ്ങളും പാവപ്പെട്ടവരും കര്‍ഷകരുമാണ് എല്ലാ ശ്രമങ്ങളുടെയും കേന്ദ്രബിന്ദുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗ്രാമീണമേഖലയ്ക്ക് ഊന്നൽ കൊടുത്താണ് സർക്കാരിൻ്റെ പ്രവർത്തനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി