ആലംകോട് കെ.എസ്‌.യു പ്രവർത്തകരും ക്യാമ്പസ്‌ ഫ്രണ്ടും തമ്മിൽ സംഘർഷം : 4 പേർ പിടിയിൽ

ആലംകോട് : ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ ആലംകോട് സ്കൂളിനു മുന്നിൽ കാമ്പസ്‌ ഫ്രൺഡ്‌ പ്രവർത്തകരും കെ.എസ്.യു പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷത്തിൽ ജില്ലാ സെക്രട്ടറിയുൾപ്പെടെ മൂന്ന്‌ കെ.എസ്.യു. പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തിൽ നാല് പേരെ നഗരൂർ പോലീസ് കസ്റ്റഡിയിലെടുത്തതായി വിവരം.

കെ.എസ്.യു. ജില്ലാ സെക്രട്ടറി മുഹമ്മദ്‌ സുഹൈൽ, ആലംകോട് സ്വദേശികളും കെ.എസ്.യു. പ്രവർത്തകരുമായ നൗഫൽ, അജ്മൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാമ്പസ് ഫ്രൺഡ്‌ പ്രവർത്തകരാണ് പിടിയിലേതെന്നാണ് വിവരം. അബ്ദുള്ള, ആരിഫ്, അയ്മാൻ എന്നീ കവലയൂർ കുളമുട്ടം സ്വദേശികളും വഞ്ചിയൂർ സ്വദേശിയായ സാജിദുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

ആലംകോട് സ്കൂളിനു മുന്നിലെ കെ.എസ്.യു.വിന്റെ കൊടിമരം തകർത്തതിനെത്തുടർന്നായിരുന്നു സംഭവം. വിവിധ സ്ഥലങ്ങളിൽനിന്നെത്തിയ ഇരുപക്ഷത്തെയും പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നത്രെ.