ആറ്റിങ്ങലിൽ സ്വകാര്യ ബസ്സുകൾക്ക് ശനിദശയോ, അപകടങ്ങൾ നിത്യം ! പരിഹാരമുണ്ടോ?

ആറ്റിങ്ങൽ : ആറ്റിങ്ങൽ കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾക്ക് ഇപ്പോൾ ശനിദശ.അപകടങ്ങൾ തുടർക്കഥയാവുകയാണ്. ഇതിൽ എടുത്ത് പറയേണ്ടത് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളാണ്. റോഡ് അപകടങ്ങൾ നടക്കുന്നതോടൊപ്പം വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസ്സിൽ നിന്നു ഉണ്ടാകുന്ന ദുരനുഭവങ്ങളും അപകടങ്ങളും പൊതുജനങ്ങളെ ആശങ്കയിലാക്കുന്നു.

ഒരു മാസം മുൻപ് വെഞ്ഞാറമൂട്ടിൽ നിന്ന് ആറ്റിങ്ങലിലേക്ക് വന്ന വിദ്യാർത്ഥിനിയെ ബസ് ജീവനക്കാർ മഴയത്തു അപരിചിതമായ സ്ഥലത്ത് ഇറക്കി വിട്ടിരുന്നു. രണ്ടാഴ്ച മുൻപ് ആലംകോടിനു സമീപം ഒരു വളവിൽ ബസ് വളഞ്ഞപ്പോൾ വിദ്യാർത്ഥിനി ഡോറും തുറന്ന് ബസ്സിൽ നിന്നും തെറിച്ചു വീണു. രണ്ടു ദിവസം മുൻപ് സ്കൂൾ കുട്ടികളെ കയറ്റിയില്ലെന്ന പരാതിയിൽ കല്ലമ്പലത്ത് ഒരു സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാവിലെ ആറ്റിങ്ങൽ വലിയകുന്നിൽ 7ആം ക്ലാസ്സുകാരൻ ബസ്സിൽ നിന്നും തെറിച്ചു വീണു. ഒട്ടനവധി ചെറുതും വലുതുമായ മറ്റു അപകടങ്ങൾ നടക്കുമ്പോൾ വിദ്യാർത്ഥികൾ നേരിടുന്ന ഇത്തരം അപകടങ്ങളും പ്രശ്നങ്ങളും ആർ.ടി.ഒയും പോലീസും ഇടപെട്ട് പരിഹാരം കാണണമെന്നും വിദ്യാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നുമാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.

എന്നാൽ സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർത്ഥികളുടെ ഭീഷണി ഭയന്നാണ് ഓരോ ദിവസവും സർവീസ് നടത്തുന്നതെന്നാണ് ബസ് ഉടമകൾ പറയുന്നത്. ചില യുവാക്കൾ യൂണിഫോമോ ഐഡി കാർഡോ ഇല്ലാതെ ബസിൽ കയറി എസ്ടി ആവശ്യപ്പെടുമെന്നും എസ്ടി നൽകില്ലെന്ന് കണ്ടക്ടർ പറഞ്ഞാൽ ഇവിടെ ഇറക്കി വിട് എന്ന് ഭീഷണി സ്വരത്തിൽ പറയും. വിദ്യാർത്ഥിയെയാണ് ഇറക്കി വിടുന്നതെന്ന് ഓർക്കണമെന്ന ഭീഷണിക്ക് ഒടുവിൽ എസ്ടി കൊടുക്കാൻ നിർബന്ധിതരാകുന്നു എന്നും ബസ് ജീവനക്കാർ പറയുന്നു. ഇതിൽ പഠിക്കാൻ പോകുന്നവരാണോ സിനിമയ്ക്ക് പോകുന്നവരാണോ എസ്ടി ചോദിക്കുന്നതെന്ന് തങ്ങൾക്ക് അറിയില്ലെന്നും എല്ലാവരും എപ്പോഴും ബസ് ജീവനക്കാർക്കെതിരെയാണ് തിരിയുന്നതെന്നും പലപ്പോഴും സത്യാവസ്ഥ അന്വേഷിക്കാൻ പോലും ആരും തയ്യാറല്ലെന്നും അവർ പറയുന്നു.

ഒരു സ്കൂൾ മുറ്റത്ത് നിന്ന് 100ഓളം വിദ്യാർത്ഥികൾ ഒരേ സ്വകാര്യ ബസ്സിൽ കയറാൻ ശ്രമിക്കുന്നത്. അപ്പോൾ ഫുട്ബോർഡിൽ നിൽക്കുന്ന വിദ്യാർത്ഥികളോട് ഇറങ്ങി അടുത്ത ബസ്സിൽ വരാൻ പറഞ്ഞാൽ ബസ്സിൽ നിന്ന് ഇറക്കി വിടുന്നു എന്ന് ബഹളം വെക്കുമെന്നും അതെ വിദ്യാർത്ഥികളെ ഫുട്‍ബോർഡിൽ നിർത്തി ബസ് നീങ്ങിയാൽ അധികാരികൾ പിഴ ചുമത്തുമെന്നും പറയുന്നു. അതുകൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ബസ് ഉടമകൾ
. എന്നാൽ കെഎസ്ആർടിസി കുട്ടികളെ കയറ്റിയാൽ ഒരു പരിധിവരെ പ്രശ്നം പരിഹരിക്കാൻ ആകുമെന്നാണ് അവരുടെ അഭിപ്രായം. അതിന് വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു.