കള്ളക്കേസിൽ കുടുക്കി കണ്ടക്ടറെ അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് സ്വകാര്യ ബസ് ജീവനക്കാർ ആറ്റിങ്ങലിൽ പ്രതിഷേധ പ്രകടനം നടത്തി

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ സ്വകാര്യ ബസ് ജീവനക്കാർ ഇന്ന് പണിമുടക്കി. അതിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ധർണയും നടത്തി. നിരന്തരമായി പോലീസും ആർ.ടി.ഒയും സ്വകാര്യ ബസ് ജീവനക്കാരെ വേട്ടയാടുന്നെന്ന് ആരോപിച്ചാണ് പണിമുടക്കിയത്. കഴിഞ്ഞ ദിവസം വിദ്യാർത്ഥിയെ ബസ്സിൽ നിന്ന് പിടിച്ചു തള്ളി എന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്ത ബസ് കണ്ടക്ടർ അഖിൽ നിരപരാധിയാണെന്നും കള്ളക്കേസിൽ കുടുക്കി അകത്താക്കിയതാണെന്നും ആരോപിച്ചാണ് പ്രതിഷേധം നടത്തിയത്. വിദ്യാർത്ഥി ബസ്സിൽ നിന്ന് വീണതാണെന്നും അല്ലാതെ കണ്ടക്ടർ പിടിച്ചു തള്ളിയതല്ലെന്നും അവർ പറയുന്നു. സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്കിൽ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ വലഞ്ഞു. ആറ്റിങ്ങലിൽ പണിമുടക്ക് പൂർണമാണ്.