ചെമ്മരുതിയിൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ അരുൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് എ.എച്ച് സലിം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെടുന്ന ജനങ്ങളുടെയും കൃഷിക്കാരുടെയും ആരോഗ്യസംരക്ഷണം കുടുംബശ്രീ ഏറ്റെടുക്കുന്നതിന്റെ തുടർച്ചയാണ് മെഡിക്കൽ ക്യാമ്പുകൾ എന്നും ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി പഞ്ചായത്തിലെ മൂന്ന് സ്ഥലങ്ങളിലായി സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് എ.എച്ച് സലിം അറിയിച്ചു. ഡോ.വി സുജ ക്യാമ്പിൽ രോഗികളെ പരിശോധിക്കുന്നതിന് നേതൃത്വം നൽകി. സി.ഡി.എസ് വൈസ് ചെയർമാൻ ബേബി, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ അനു ജെ.കെ, ബ്ലോക്ക് കോർഡിനേറ്റർമാരായ ഷൈമ, സിന്ധു, ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ ഗോപകുമാർ എന്നിവർ സംസാരിച്ചു.