H1N1 ബാധിച്ച് വിദ്യാർത്ഥി മരിച്ചു, സ്കൂളിൽ മെഡിക്കൽ ക്യാമ്പ് നടത്തി.

നെടുമങ്ങാട് :H1N1 പനിപിടിപ്പെട്ട്‌ ഒരു വിദ്യാർത്ഥി മരിച്ചതിനെ തുടർന്ന് നെടുമങ്ങാട് കൈരളി സ്കൂളിൽ മെഡിക്കൽ ക്യാമ്പ് നടത്തി.തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസും, നെടുമങ്ങാട് ജില്ലാ ആശുപത്രിയും നെടുമങ്ങാട് മുനിസിപ്പൽ ആരോഗ്യ വിഭാഗവും, സംയുക്തമായി സ്കൂളിലെ വിദ്യാർത്ഥികൾക്കായി സൗജന്യ മെഡിക്കൽ പരിശോധനാ ക്യാമ്പും മരുന്ന് വിതരണവും വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പകർച്ചപ്പനിയെക്കുറിച്ചും അത് പടരാതെ സൂക്ഷിക്കുന്നതിനെക്കുറിച്ചും ബോധവത്കരണക്ലാസ്സും നടത്തി.എ.ഡി.എം.ഒ Dr. നീനാ റാണി, നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് Dr. നജീബ് എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ വിദഗ്ദ്ധരായ ഡോക്ടർമാർ കുട്ടികളെ പരിശോധിക്കുകയും ഡോക്ടർമാരുടെ സാന്നിധ്യത്തിൽ നടന്ന പ്രത്യേക അസ്സംബ്ലിയിൽ ബോധവത്കരണ ക്ലാസ്സ് നടത്തുകയുമുണ്ടായി. ഇതിനു മുന്നോടിയായി തിരുവനന്തപുരം ഡി.എം.ഒ ഓഫീസിലെ ഡി വി സി യൂണിറ്റിലേയും, നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേയും, നഗരസഭയിലേയും ഹെൽത്ത് ഇൻസ്‌പെക്ടർമാരുടേയും സംയുക്ത നേതൃത്വത്തിൽ സ്കൂളിലെ കുട്ടികളുടെ വീടും പരിസരവും പരിശോധിച്ച് വിവര ശേഖരണം നടത്തുകയുമുണ്ടായി. ആരോഗ്യ വിഭാഗം ടെക്നിക്കൽ അസിസ്റ്റന്റുമാരായ ടി . വി അഭയൻ, വിജയകുമാർ, ജില്ലാ മാസ്സ് മീഡിയ ഓഫീസർ പമേല ബി തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.