Search
Close this search box.

ജില്ലയിലെ ഏറ്റവും മികച്ച യുവജന ക്ലബ്ബായി ജീവകല കലാ സാംസ്കാരിക മണ്ഡലത്തെ തെരഞ്ഞെടുത്തു

eiV19TM30696

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച യുവജന ക്ലബ്ബായി ജീവകല കലാ സാംസ്കാരിക മണ്ഡലത്തെ തെരഞ്ഞെടുത്തു. ജില്ലാ കളക്ടർ അദ്ധ്യക്ഷനായ സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.നെഹ്റു യുവകേന്ദ്ര 2021-22 വർഷത്തെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ക്ലബ്ബുകൾക്ക് അവാർഡ് നൽകുന്നത്.

തിരുവിതാംകൂർ-കൊച്ചി ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് 2009 മുതൽ വെഞ്ഞാറമൂടിൻ്റെ കലാസാംസ്കാരിക സാമൂഹ്യ രംഗങ്ങളിൽ നിസ്തുലമായ സംഭാവന നൽകി വരികയാണ് ജീവകല.

കേരളം അറിയപ്പെടുന്ന നിരവധി പ്രതിഭകളുടെ വളർച്ചക്ക് തുടക്കമിടാൻ ജീവകല അവസരമൊരുക്കി കൊടുത്തിട്ടുണ്ട്.

അന്യം നിന്നുപോകുന്ന കേരളീയ കലകളെ പ്രോൽസാഹിപ്പിക്കാനും വേദിയൊരുക്കാനും ജീവകല അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു.

പാരമ്പര്യ കലകളിൽ ഏറെ പ്രമുഖമായ തിരുവാതിര കളിയ്ക്കായി കേരളത്തിലെ ഏറ്റവും വലിയ സമ്മാനതുക നൽകി നടത്തുന്ന സംസ്ഥാന തല മൽസരം ” വരിക വാർതിങ്കളേ ”
ജീവകലയുടെ ഏറ്റവും പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ്. മാണിക്കോട് ശിവക്ഷേത്രത്തിൽ 100 പേരുടെ തിരുവാതിരക്കളി ജീവകല സംഘടിപ്പിച്ചിരുന്നു. ശബരിമല അയ്യപ്പസന്നിധിയിൽ 2018 മുതൽ തുടർച്ചയായി കുട്ടികളുടെ തിരുവാതിര നടനം അവതരിപ്പിക്കാനുള്ള ഭാഗ്യം സിദ്ധിച്ചു.

ഹരിവരാസനം കീർത്തനം ഒരു നൂറ്റാണ്ട് പിന്നിടുന്ന വേളയിൽ ലോകത്താദ്യമായി 100 പേർ ഒന്നിച്ച് ഹരിവരാസനം ആലപിച്ചതും ജീവകലയുടെ വേദിയിലാണ്.

ബലികുടീരങ്ങളേ.. ഗാനത്തിൻ്റെ 60 വർഷ ആഘോഷത്തിന് വി.എസ്.അച്ചുതാനന്ദനെയും ഗായകൻ എം.എസ്.നസീമിനെയും സാക്ഷിയാക്കി 60 പേർ ആലപിച്ച ബലികുടീരങ്ങളും ശ്രദ്ധേയമായിരുന്നു.

കണ്ണൂരിൽ നിന്നുള്ള രക്തേശ്വരി തെയ്യത്തിൻ്റെ അവതരണം, എരിഞ്ഞോലി മൂസയുടെ മാപ്പിള ഗാനാവതരണം…. കേരള കലാമണ്ഡലത്തിന് ആദ്യമായി
വേദിയൊരുക്കാൻ കഴിഞ്ഞത്…. വെള്ളപൊക്ക സമയത്തും കോവിഡ് കാലത്തും നടത്തിയ സഹായഹസ്തങ്ങൾ അങ്ങനെ നിരവധി കാര്യങ്ങളിൽ നൈരന്തര്യമായി ഇടപെടാനായി.

പ്രിസിഷൻ ഫാമിങ്ങിൻ്റെ ഭാഗമായി നെല്ലനാട് പഞ്ചായത്തിലെ ആദ്യത്തെ കൂടാരക്കൃഷി തുടങ്ങുന്നതിനും വിഷ രഹിത പച്ചക്കറിയുടെ പ്രചാരകരാകാനും സാധിച്ചിട്ടുണ്ട്.

സ്ത്രീധനം കണ്ടെത്താനാകാതെ പൊന്നുമകളുടെ മാംഗല്യം മുടങ്ങുമെന്ന വേദനയിൽ ഗത്യന്തരമില്ലാതെ ജീവനൊടുക്കിയ പുല്ലമ്പാറ ചക്കക്കാട്ടിലെ അശോകൻ്റെ മകൾ സൂര്യയുടെ വിവാഹം ജനപങ്കാളിത്തത്തോടെ നടത്തുവാൻ കഴിഞ്ഞു.

വളർന്നു വരുന്ന പ്രതിഭകളെ ആദരിക്കാനും പൊതുമണ്ഡലത്തിൽ ഉയർത്തി കൊണ്ടുവരാനും ജീവകലയ്ക്കായി .

മാതൃഭാഷാ പഠനത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ ആദ്ധ്യാത്മരാമായണ പഠനം ഭാഷാപണ്ഡിതരുടെ നേതൃത്വത്തിൽ നടത്തിവരുന്നു.

മെഡിക്കൽ ക്യാമ്പുകൾ, തൊഴിൽ പരിശീലനം, കായിക മൽസരങ്ങൾ, സെമിനാറുകൾ, ചിത്ര പ്രദർശനങ്ങൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനായിട്ടുണ്ട്. ജീവകല വേദിയിൽ വന്ന് പോയിട്ടുള്ള പ്രഗത്ഭമതികൾ അനേകമാണ്.

കലാപഠനത്തിന് പ്രഫഷണൽ കലാകാരന്മാർ നയിക്കുന്ന ജീവകല ക്ലാസുകൾ എന്നും ഒരു പിടി മുന്നിലാണ്.

ദേശീയതയിൽ ഊന്നിയ സന്ദേശം നൽകാനും മതേതര-ജനാധിപത്യ സങ്കൽപ്പത്തിന് ശക്തി പകരാനും ജീവകല ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം അത്തരത്തിൽ നടത്തിയ ഏറ്റവും വലിയ ജനകീയ കൂടിച്ചേരലായിരുന്നു. പ്രകൃതി രമണീയമായ വെള്ളാണിക്കൽ പാറമുകളിൽ നടാടെ നാല് മണിക്കൂർ കലാവിരുന്നൊരുക്കിയതും രണ്ടായിരത്തിലധികം ആളുകൾ സമ്മേളിച്ചതും പ്രവർത്തന മികവിൻ്റെ നേർസാക്ഷ്യമായി മാറി.

ജീവകലയിൽ പഠിക്കുന്ന വിദ്യാർഥികൾ കൊണ്ടുവരുന്ന പൊതിച്ചോറുകൾ ഭക്ഷണമില്ലാതെ തെരുവിൽ അലയുന്നവർക്ക് നൽകിവന്നിരുന്നു. ജീവകലയുടെ വാർഷികവും അനാഥാലയങ്ങളിലെ അന്തേവാസികൾക്ക് ഭക്ഷണമൊരുക്കി അവരുടെ സന്തോഷ സന്താപങ്ങളിൽ പങ്കുചേർന്നാണ് നടത്താറുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!