കാട്ടാക്കടയിൽ കിണറുകളിൽ ഓരോ മാസത്തെയും ജലനിരപ്പ് രേഖപ്പെടുത്തുന്നതിന് ബോർഡുകൾ സ്ഥാപിക്കുന്നു

കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഭൂജല വകുപ്പിന്റെ സഹായത്തോടെ സംപോഷണം നടത്തിയ കിണറുകളിൽ ഓരോ മാസത്തെയും ജലനിരപ്പ് രേഖപ്പെടുത്തുന്നതിന് ബോർഡുകൾ സ്ഥാപിക്കുന്നു. സ്കൂളുകളിൽ ജലക്ലബുകളുടെ സഹായത്തോടെയും മറ്റു സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെയുമാണ് ജലനിരപ്പ് രേഖപ്പെടുത്തുന്നത്. മണ്ഡലത്തിലെ കിണർ സംപോഷണം നടപ്പാക്കിയ സ്കൂളുകളും സർക്കാർ ഓഫീസുകളും ഉൾപ്പടെയുള്ള 36 പൊതുസ്ഥാപനങ്ങളിലെ കിണറുകളിലാണ് ഈ സംവിധാനം നിലവിൽ വരുന്നത്. ഇത്തരത്തിൽ മണ്ഡലത്തിലെ വ്യത്യസ്ത ഭൂപ്രദേശങ്ങളിൽനിന്ന‌് ഓരോ മാസവും ലഭിക്കുന്ന റീഡിങ്ങുകൾ ക്രോഡീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഭൂഗർഭ ജലവിതാനത്തിലുണ്ടാക്കുന്ന പുരോഗതി കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. 36 കിണറിന്റെ വിവരങ്ങൾകൂടി ലഭിക്കുന്നതിലൂടെ മണ്ഡലത്തിൽ ലക്ഷ്യമിടുന്ന സമ്പൂർണ ജലഓഡിറ്റിങ്ങുൾപ്പടെയുള്ള ശാസ്ത്രീയ ജലവിഭവ ആസൂത്രണത്തിന് സഹായകരമാകും. കിണറുകളിൽ നടപ്പാക്കുന്ന ഈ നിരീക്ഷണ സംവിധാനത്തിന്റെ നിയോജകമണ്ഡലതല ഉദ്ഘാടനം പേയാട് സെന്റ് സേവിയേഴ്‌സ് സ്കൂളിൽ ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ഡോ. ജി ബിന്ദു അധ്യക്ഷയായി. ഭൂവിനിയോഗ കമീഷണർ എ നിസാമുദ്ദീൻ മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ ആർ എസ് റോയ്, ഭൂജല വകുപ്പ് അസി. എക‌്സിക്യൂട്ടീവ‌് എൻജിനിയർ എസ‌് ആർ ശ്രീജേഷ്, പിടിഎ പ്രസിഡന്റ് കെ കെ സുനിൽ എന്നിവർ പങ്കെടുത്തു