അരുണിന്റെ സ്വപ്നക്കൂട് പൂര്‍ത്തിയായി, സമര്‍പ്പണം 18ന്

 

കിളിമാനൂർ: ഓർക്കാപ്പുറത്തെത്തിയ അസുഖത്തെ തുടർന്ന് ശരീരം തളർന്ന് വീൽചെയറിലായ അരുണിന്റെ തളരാത്ത മനസിന് കുളിർമയേകാൻ കെ എം ജയദേവൻമാസ്റ്റർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന വീടിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായി. ഈ വീടിന്റെ താക്കോൽദാനവും, പ്രതിഭാസം​ഗമവും, വീൽചെയർ വിതരണവും വ്യാഴാഴ്ച വൈകിട്ട് 4ന് ന​ഗരൂരിൽ നടക്കുന്ന പൊതുയോ​ഗത്തിൽ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവ്വഹിക്കും. സഹകരണ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, സി പി ഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാ​ഗപ്പൻ, കോലിയക്കോട് എൻ കൃഷ്ണൻനായർ തുടങ്ങിയവർ സംസാരിക്കും. സൊസൈറ്റി പ്രസിഡന്റ് അഡ്വ മടവൂർ അനിൽ അധ്യക്ഷനാകും. കഴിഞ്ഞവർഷം മടവൂരിൽ സൊസൈറ്റി നടത്തിയ പാലിയേറ്റീവ് സം​ഗമത്തിലാണ് ന​ഗരൂർ പാവൂർകോണം സ്വദേശിയായ അരുണും വീൽചെയറിൽ പങ്കെടുത്തത്. തുടർന്ന് അരുൺ തനിക്ക് ഒരു വീട് നിർമ്മിച്ച് നൽകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനോട് ആവശ്യപ്പെടുകയും , മന്ത്രിയുടെ അടിയന്തര ഇടപെടലിനെ തുടർന്ന് പ്രവാസി മലയാളിയും അയോക്കി ഫാബ്രിക്കേഷൻ കമ്പനിയുടെ എം ഡി യുമായ ​ഗണേശ്കുമാർ അരുണിന് വീട് നിർമ്മിച്ച് നൽകുന്നതിന് നാലുലക്ഷം രൂപ നൽകാൻ തയ്യാറാകുകയുമായിരുന്നു. തുടർന്ന് കെ എം ജയദേവൻമാസ്റ്റർ സൊസൈറ്റിയുടെ കാരുണ്യഭവനപദ്ധതിയുടെ ആദ്യവീടായി അരുണിന്റെ വീട് നിർമ്മിക്കുകയായിരുന്നു.10 ലക്ഷം ബജറ്റ് പ്രതീക്ഷിച്ച വീടിന് ഏതാണ്ട് 14 ലക്ഷത്തോളം രൂപയായി. ​ഗണേശ്കുമാറിന്റെ സഹായത്തിന് പുറമെ കെ എം ജയദേവൻമാസ്റ്റർ സൊസൈറ്റിയും സി പി ഐ എം ന​ഗരൂർ ലോക്കൽകമ്മറ്റിയുടെയും അഭ്യുദയകാക്ഷികളുടേയും സഹായം വീടിനായി ലഭിച്ചിരുന്നു. ഏതാണ്ട് ആയിരം ചതുരശ്രഅടി വിസ്തീർണ്ണത്തിൽ രണ്ട് കിടപ്പുമുറികളും , അറ്റാച്ച്‍ഡ് ഉൾപ്പെടെ രണ്ട് ശുചിമുറികളും അടുക്കളയും ഹാളും , വീൽചെയർ ഉരുട്ടുന്നതിനുള്ള റാമ്പുമൊക്കെയായി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് വീട് നിർമ്മിച്ചിരിക്കുന്നത്. തറയിൽ ടൈൽസ് പാകി വെടിപ്പാക്കിയിട്ടുണ്ട്. മനോഹരമായി ചായംതേച്ച് മോടി പിടിപ്പിച്ചതിന് പുറമെ ഏതാണ്ട് ഒരുലക്ഷത്തോളം രൂപ ചെലവിൽ കുഴൽകിണറും നിർമ്മിച്ചിട്ടുണ്ട്. വീടിന്റെ താക്കോൽദാനവും പ്രതിഭാസം​ഗമവും വിജയിപ്പിക്കുന്നതിന് വിപുലമായ സംഘാടകസമിതിയോ​ഗം വിളിച്ചു. സംഘാടകസമിതിയോ​ഗം ബി സത്യൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സി പി ഐ എം കിളിമാനൂർ ഏരിയാസെക്രട്ടറി അഡ്വ എസ് ജയചന്ദ്രൻ അധ്യക്ഷനായി. ലോക്കൽസെക്രട്ടറി എം ഷിബു സ്വാ​ഗതം പറഞ്ഞു. യോ​ഗത്തിൽ സൊസൈറ്റി പ്രസിഡന്റ് അഡ്വ മടവൂർ അനിൽ, സെക്രട്ടറി എം ഷാജഹാൻ, ഡി സ്മിത, കെ സുഭാഷ്, കെ വത്സലകുമാർ പി ജി മധു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ എസ് നോവൽരാജ് (ചെയർമാൻ) എം ഷിബു (ജനറൽ കൺവീനർ)

ചിത്രം :
അരുണിന് കെ എം ജയദേവൻമാസ്റ്റർ നിർമ്മിക്കുന്ന സ്വപ്നക്കൂട്