റിട്ടയേർഡ് ഹെഡ്മാസ്റ്ററുടെ പൃഷ്ഠം അടിച്ചു പൊട്ടിച്ച സംഭവം : കിളിമാനൂർ എസ്‌.ഐക്ക് സസ്‌പെൻഷൻ

കിളിമാനൂർ : കിളിമാനൂരിൽ രാത്രിയില്‍ ഓട്ടോ കാത്തു നിന്ന റിട്ടയേർഡ് ഹെഡ് മാസ്റ്ററുടെ പൃഷ്ഠത്തിൽ ലാത്തികൊണ്ട് അടിച്ചു തൊലി പൊട്ടിച്ച സംഭവത്തിൽ കിളിമാനൂർ എസ്‌.ഐ ബി.കെ അരുണിനെ അന്വേഷണവിദേയമായി സസ്‌പെൻഡ് ചെയ്തു.

കിളിമാനൂര്‍ ചൂട്ടയില്‍ ഇളയിടത്ത് വീട്ടില്‍ റിട്ട. ഹെഡ്മാസ്റ്റര്‍ വിജയകുമാ(67)റിന്റെ പരാതിയിലാണ് നടപടി. ഡിവൈഎസ്പിക്ക് വിജയകുമാർ പരാതി നൽകിയത്. കൂടാതെ വിജയകുമാർ ആറ്റിങ്ങൽ വാർത്ത ഡോട്ട് കോമിനെ ബന്ധപ്പെട്ട് സംഭവം പറയുകയും പരാതിയുടെ വിവരങ്ങളും നൽകി. തുടർന്ന് ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം ഈ വിഷയം വാർത്തയാക്കി പുറം ലോകത്തെ അറിയിക്കുകയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആവുകയും മറ്റു മാധ്യമങ്ങൾ ഏറ്റുപിടിക്കുകയും ചെയ്തു.

കഴിഞ്ഞ ജൂണ്‍ 28ന് രാത്രി ഒന്‍പതിനാണ് സംഭവമുണ്ടാകുന്നത്. കിളിമാനൂര്‍ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിന് മുന്നിൽ ഓട്ടോക്കായി കാത്തുനില്‍ക്കുകയായിരുന്ന വിജയകുമാറിനെ യാതൊരു വിധ പ്രകോപനവും കൂടാതെ ആ സമയം ജീപ്പിലെത്തിയ എസ്.ഐ അരുണ്‍ ഇരുവശവും പിത്തള പൊതിഞ്ഞ ലാത്തി ഉപയോഗിച്ച് പൃഷ്ഠത്തിൽ രണ്ട് അടി അടിച്ചെന്നും

വേദന കൊണ്ട് നിലവിളിച്ച വിജയകുമാര്‍ വളരെ ബുദ്ധിമുട്ടി ഓട്ടോയില്‍ വീട്ടിലേക്ക് പോയെന്നും പരാതിയിൽ പറയുന്നു. തുടർന്ന് രണ്ട് ദിവസം യാത്ര ചെയ്യാനാകാതെ വീട്ടില്‍ കിടന്നശേഷം ജൂലൈ ഒന്നിനാണ് ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് ആശുപത്രിയിൽ അഡ്മിറ്റ്‌ ആയ കാർഡ് നമ്പർ ഉൾപ്പടെ രേഖപ്പെടുത്തിയാണ് പരാതി നൽകിയത്. അടി കിട്ടിയ ഭാഗത്തിന്റെ ഫോട്ടോയും പരാതിക്കൊപ്പം ചേർത്തിരുന്നു.

എന്നാൽ ഈ വിഷയം അറിഞ്ഞ ഉടനെ കിളിമാനൂർ എസ്‌.ഐയോട് കാര്യം തിരക്കിയപ്പോൾ താൻ അടിച്ചില്ലെന്നും മദ്യലഹരിയിൽ നിന്നയാളെ ഓട്ടോയിൽ കയറ്റി വിടുക മാത്രമാണ് ചെയ്തതെന്നുമാണ് എസ്‌.ഐ ആറ്റിങ്ങൽ വാർത്ത ഡോട്ട് കോമിനോട് പറഞ്ഞത്.

പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി കെ.എ വിദ്യാധരൻ വളരെ ഗൗരവപരമായ രീതിയിൽ അന്വേഷണം നടത്തുകയും ഇരു കൂട്ടരുടെയും മൊഴി രേഖപ്പെടുത്തുകയും എസ്പിക്ക് റിപ്പോർട്ട്‌ അയക്കുകയും ചെയ്തു. അടിച്ചിട്ടില്ലെന്ന എസ്‌ഐയുടെ പ്രതികരണത്തിൽ വിശ്വാസം പോരെന്നും വിജയകുമാർ മദ്യലഹരിയിൽ ആയിരുന്നെങ്കിൽ മെഡിക്കൽ എടുക്കുകയോ സ്റ്റേഷനിൽ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്നും ലാത്തിയടി ഒഴിവാക്കേണ്ടതായിരുന്നെന്നും എസ്പിക്ക് നൽകിയ റിപ്പോർട്ടിൽ ഡിവൈഎസ്പി ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് കിട്ടിയ വിവരം. തുടർന്നാണ് ബി. കെ അരുണിന് സസ്‌പെൻഷൻ നൽകി ഉത്തരവ് വന്നത്.