ബൈക്കിൽ വന്നവർ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന്‌ കല്ലെറിഞ്ഞു : ചില്ല് പൊട്ടി ഡ്രൈവർക്ക് പരിക്ക്

കീഴായിക്കോണം : ബൈക്കിൽ വന്ന രണ്ടുപേർ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന്‌ കല്ലെറിഞ്ഞു. ഏറുകൊണ്ട് മുൻവശത്തെ ചില്ല് പൊട്ടി അതിന്റെ ചീളുകൾ തെറിച്ച് വീണ് ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഏഴിന് സംസ്ഥാന പാതയിൽ കീഴായിക്കോണം ഉദിമൂട്ടിലായിരുന്നു സംഭവം. എറണാകുളത്തു നിന്നു  തിരുവനന്തപുരത്തേക്ക് വന്ന എറണാകുളം ഡിപ്പോയിലെ ആർപിസി 437 നമ്പർ സൂപ്പർ ഫാസ്റ്റ് ബസിന്റെ ചില്ലാണ് എറിഞ്ഞു തകർത്തത്. ബൈക്കിൽ കാത്തുനിന്ന സംഘം ഓടിക്കൊണ്ടിരുന്ന ബസിലേക്ക് കല്ലുകൾ വലിച്ചെറിഞ്ഞതിനു  ശേഷം ഇട റോഡിലേക്ക് രക്ഷപെട്ടുവെന്നാണ് ജീവനക്കാർ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. കാരേറ്റ് ബസ് നിർത്തിയിരുന്നപ്പോൾ  ബൈക്കിൽവന്നവരും ഡ്രൈവറുമായി വാക്കേറ്റം നടന്നിരുന്നുവെന്നും ഇതിന്റെ  വൈരാഗ്യത്തിലായിരിക്കാം ആക്രമണമെന്നും  പൊലീസ് പറയുന്നു.പരിക്കേറ്റ ഡ്രൈവർ പെരുമ്പാവൂർ  സ്വദേശി സി. കെ. രാജ(47) നെ കന്യാകുളങ്ങര ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് രാത്രി  സംസ്ഥാന പാതയിൽ അരമണിക്കൂറിലേറെ ഗതാഗത തടസ്സമുണ്ടായി. സംഭവത്തിൽ  പെട്ടെന്ന് ബസ് നിർത്തിയപ്പോൾ പിന്നാലെ വന്ന വാഹനവും നിർത്തി.ഇതിനു പിന്നാലെ വന്ന മൂന്നാമത്തെ വാഹനം മറ്റു വാഹനങ്ങളിലിടിച്ച് അതിലെ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ടെന്നും അവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചുവെന്നും  നാട്ടുകാർ പറഞ്ഞു.