ജനങ്ങളെ വെട്ടിലാക്കിയ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ കുറ്ററ പമ്പ് ഹൗസ് മേഖലയിൽ പുതിയ ട്രാൻസ്‌ഫോമർ

വാമനപുരം : വോൾട്ടേജ് ക്ഷാമം നേരിടുന്ന കുറ്ററ പമ്പ് ഹൗസ് മേഖലയിൽ പുതിയ ട്രാൻസ്‌ഫോമർ സ്ഥാപിക്കാൻ 9.78 ലക്ഷം രൂപ അനുവദിച്ചു. പ്രദേശത്തെ വോൾട്ടേജ് ക്ഷാമം കുടിവെള്ള പദ്ധതിയിലെ പമ്പിങ്ങിനെ സാരമായി ബാധിക്കുന്നതായി ഡി.കെ.മുരളി എം.എൽ.എ. നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയായി ജലവിഭവമന്ത്രി കെ.കൃഷ്ണൻകുട്ടിയാണ് സഭയിൽ തുക അംഗീകരിച്ചു ഭരണാനുമതി നൽകിയതായി അറിയിച്ചത്.

നെല്ലനാട്, വാമനപുരം പഞ്ചായത്തുകൾക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന പമ്പ് ഹൗസാണ് കുറ്ററയിലേത്. ഇവിടെ വോൾട്ടേജ് ക്ഷാമം വലിയ പ്രശ്നമായിരുന്നു. പമ്പുകൾ മതിയായി പ്രവർത്തിപ്പിക്കാൻ കഴിയാത്തതുകൊണ്ട് ജലവിതരണം കാര്യക്ഷമമായി നടത്താൻ കഴിയുന്നില്ല. പുതിയ ട്രാൻസ്‌ഫോമർ സ്ഥാപിക്കുന്നതോടെ നിലവിലെ എല്ലാ പ്രശ്നത്തിനും പരിഹാരമാകുമെന്ന് വൈദ്യുതി വകുപ്പധികൃതർ പറഞ്ഞു.