എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ പഴയത് പൊളിച്ചു, എന്നിട്ട് എന്തായി !

മാറനല്ലൂർ :ഊരൂട്ടമ്പലം ഗവ. എൽ.പി സ്കൂൾ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ മുടങ്ങി. കമ്പ്യൂട്ടർ റൂം, പ്രീ പ്രൈമറി ക്ലാസ് റൂമുകൾ, ഓഡിറ്റോറിയം എന്നിവയായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് പുതിയ മന്ദിരം നിർമ്മിക്കാനായി ഇടിച്ചുനിരത്തിയത്. മന്ദിരം പൊളിച്ചതോടെ കുട്ടികൾക്ക് പഠിക്കാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ.

വിദ്യാഭ്യാസ നവോധാനത്തിനു നാന്ദികുറിച്ച സ്കൂളിനാണ് ഈ ഗതികേട്. വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയുടെ ധനസഹായത്തോടെ 4.34 കോടി രൂപ വിനിയോഗിച്ച് ബഹുനില മന്ദിരം നിർമ്മിക്കാനൊരുങ്ങിയത്. ഉണ്ടായിരുന്ന പഴയ കെട്ടിടത്തിന് തകരാർ ഒന്നുമില്ലായിരുന്നു. തീരദേശ വികസന അതോറിട്ടിയ്ക്കാണ് നിർമ്മാണ ചുമതല. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ ഐ.ബി.സതീഷ്‌ എം.എൽ.എ യുടെ സാന്നിദ്ധ്യത്തിൽ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തിയിരുന്നു. നവംബറിൽ പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പ്രഖ്യാപനവും നടത്തി. മാറനല്ലൂർ പഞ്ചായത്തിന് കെട്ടിടം പൊളിച്ചുനീക്കി സ്ഥലം ഒരുക്കി നൽകാൻ കരാറുകാരനെ എല്പിച്ചെങ്കിലും ഒന്നരമാസമെടുത്താണ് കെട്ടിടങ്ങൾ പൊളിച്ചത്. 3000 രൂപയ്ക്കാണ് കരാർ എടുത്തത്. തടിയും, ചുടുകല്ലുകളും,കമ്പിയും,അലുമിനിയം മേൽക്കൂരയുമടക്കം അഞ്ചു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കടത്തിയെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ അവിടെത്തന്നെ കൂട്ടിയിട്ട ശേഷം കരാറുകാരൻ മുങ്ങിയിരിക്കുകയാണ്. തീരദേശ വികസന അതോറിട്ടിയുടെ ഉദ്യോഗസ്ഥർ എത്തിയെങ്കിലും അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തതിനാൽ അവർ മടങ്ങിപ്പോയി .മാറനല്ലൂർ പഞ്ചായത്ത്‌ സെക്രട്ടറിയോട് സ്കൂൾ പി.ടി.എ.ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ബി.ജെപി.യുടെ പഞ്ചായത്ത്‌ അംഗങ്ങൾ കരാറുകാരനുവേണ്ടി അനുകൂല നിലപാട് സ്വീകരിച്ചെന്നും ആക്ഷേപമുയർന്നു. പ്രശ്നം പരിഹരിക്കാൻ എം.എൽ.എ യോട് ആവശ്യപ്പെട്ടെങ്കിലും കരാറെടുത്തവരെ വിളിച്ച് ചർച്ചചെയ്യാനാണ് നിർദേശിച്ചതത്രേ. ഒരാഴ്ചക്കുള്ളിൽ പഞ്ചായത്ത്‌ സെക്രട്ടറി സ്ഥലം വിട്ടുനൽകിയില്ലങ്കിൽ പണി തുടങ്ങില്ലെന്ന് തീരദേശ വികസന അതോറിട്ടി അധികൃതർ പറയുന്നത്. ഇതിനിടെ ബി.ജെ.പി.യുടെ രണ്ട് പഞ്ചായത്ത്‌ അംഗങ്ങൾ സ്‌കൂളിലെത്തി മന്ദിരം നിർമ്മിക്കാൻ കരാറെടുത്തവരെ കൊണ്ട് അവശിഷ്ടങ്ങൾ നീക്കം ചെയ്ത് നിർമ്മാണം ആരംഭിച്ചില്ലെങ്കിൽ ബുധനാഴ്ച സ്‌കൂളിന് മുന്നിൽ ധർണ നടത്തുമെന്നാണ് പ്രധാന അദ്ധ്യാപികയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത് .