പാങ്ങോട്ട് പനി പടർന്നു പിടിക്കുന്നു

പാങ്ങോട് : പാങ്ങോട്ട് പനി പടർന്നു പിടിക്കുന്നു. ഏക സർക്കാർ ആശുപത്രിയും സ്വകാര്യ ആശുപത്രികളും പനി ബാധിതരെ കൊണ്ട്  നിറഞ്ഞു കവിഞ്ഞു.പാങ്ങോട് പ‍ഞ്ചായത്തിൽ  പട്ടിക വർഗ്ഗമേഖല ഉൾപ്പടെ ചെറുതും വലുതുമായ പത്തോളം  കോളനികളാണുള്ളത്. കോളനി പ്രദേശത്തു നിന്നും വൻതോതിൽ ജനങ്ങളെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നായി അൻപതോളം പേരെ ഡങ്കി പനിയെന്നു സംശയിച്ചു വിവിധ ആശുപത്രികളിലും ജില്ലാ, താലൂക്ക്, മെഡിക്കൽ കോളജ് ആശുപത്രികളിലായും  പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്.

ഭരതന്നൂർ ഗവ. ആശുപത്രിയാണ് പഞ്ചായത്തിലെ ജനങ്ങളുടെ ഏക ആശ്രയം. ഇവിടെ ഒരു ഡോക്ടർ മാത്രമാണുള്ളത്. അ‍ഞ്ചു  ദിവസം  മാത്രമാണ് ഡോക്ടറുടെ സേവനം ലഭിക്കുന്നത്.ഇതിൽ മൂന്നു ദിവസം ഭരതന്നൂർ ആശുപത്രിയിലും രണ്ടു ദിവസം വിവിധ സബ് സെന്ററുകളിലുമാണ് രോഗികളെ പരിശോധിക്കുന്നത്. മറ്റുള്ള ദിവസങ്ങളിൽ ചികിത്സ ലഭിക്കണമെങ്കിൽ ഏഴു കിലോമീറ്റർ അകലെയുള്ള കല്ലറ ഗവ.ആശുപത്രിയിലോ,പാലോട് ഗവ.ആശുപത്രിയിലോ എത്തണം. മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ  ഭരതന്നൂർ ആശുപത്രിയിലെത്തുന്ന രോഗികളും ബുദ്ധിമുട്ടുന്നുണ്ട്.

ഭരതന്നൂർ മേഖലയിലെ നെല്ലിക്കുന്ന്, കരടിമുക്ക്, പുളിക്കരകുന്ന്, ഗാർഡ് സ്റ്റേഷൻ, കൊച്ചാനക്കല്ലുവിള എന്നിവിടങ്ങളിൽ പനി വ്യാപകമായി പടരുകയാണ്. രക്തത്തിൽ കൗണ്ട് കുറയുന്നതാണ് പനി ബാധിതരെ ഭയപ്പെടുത്തുന്നത്. ആരോഗ്യ പ്രവർത്തകർ മേഖലയിൽ എത്തി കരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഭരതന്നൂർ ആശുപത്രിയിൽ  കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുന്നതിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി മേലധികാരികൾക്ക് അപേക്ഷകൾ നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് പ‍ഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീത പറഞ്ഞു. മേഖലയിലെ പനി ബാധിതർക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ ഉടൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന പനി ക്ലിനിക് അനുവദിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു