പൂവൻപാറ പാലത്തിൽ കമ്പിവേലി സ്ഥാപിക്കണമെന്ന് ആവശ്യം

ആറ്റിങ്ങൽ : പൂവൻപാറ പാലത്തിന്റെ ഇരുവശങ്ങളിലും കമ്പി വേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നത് ഒഴിവാക്കാനും മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാനും കമ്പി വേലി സഹായിക്കും.

ആറ്റിങ്ങലിന്റെ തിരക്ക് പിടിച്ച പ്രധാന ഭാഗം കൂടിയാണ് പൂവൻപാറ. എന്നാൽ രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ ഇതുവഴി പോകുന്നവർ വാഹനത്തിൽ ഇരുന്ന് തന്നെ മാലിന്യം ആറ്റിലേക്ക് വലിച്ചെറിയും. വാമനപുരം നദിയുടെ ഭാഗമായ പൂവൻപാറ ആറ്റിൽ മാലിന്യം തള്ളുന്നത് ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വെല്ലുവിളിയാണ്. കാരണം ഈ വെള്ളമാണ് വാട്ടർ അതോറിറ്റി കണക്ഷൻ പൈപ്പിലൂടെ വീടുകളിലേക്ക് എത്തുന്നത്.

പൂവൻപാറ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തവരുടെ എണ്ണം കുറവല്ല. രണ്ടു ദിവസം മുൻപും ഒരു യുവാവ് ആത്മഹത്യ ശ്രമം നടത്തിയിരുന്നു. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് രക്ഷിക്കുകയായിരുന്നു. ഇവിടെ പാലത്തിന്റെ കൈവരിക്ക് മുകളിൽ 10 മുതൽ 12 അടി വരെ ഉയരത്തിൽ കമ്പി വേലി കെട്ടിയാൽ മാലിന്യ നിക്ഷേപവും ആത്മഹത്യ ശ്രമങ്ങളും തടയാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.

പൂവൻപാറ പാലത്തിന്റെ നടപ്പാതകളും തകർന്ന അവസ്ഥയിലാണ്. നടപ്പാത നന്നാക്കുന്നതോടൊപ്പം പാലത്തിന്റെ സുരക്ഷ കൈവരിക്ക് മുകളിൽ കമ്പി വേലി കൂടി സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

കമ്പി വേലി സ്ഥാപിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം കൂടിയാണത്. പക്ഷെ അതിനുള്ള ഫണ്ട്‌ ഇല്ലെന്നും സ്വകാര്യ വ്യക്തികളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുമെന്നും നഗരസഭ ചെയർമാൻ എം.പ്രദീപ്‌ പറഞ്ഞു.