സസ്പെൻഷന് പിന്നാലെ കിളിമാനൂർ എസ്‌ഐക്ക് ബാഡ്ജ് ഓഫ് ഓണർ

കിളിമാനൂർ: കിളിമാനൂരിൽ റിട്ട: അദ്ധ്യാപകനെ മർദിച്ചെന്ന പരാതിയിൽ സസ്പെൻഷനിലായ കിളിമാനൂർ സബ് ഇൻസ്പെക്ടർ ബി.കെ. അരുണിന് പിറ്റേ ദിവസം തന്നെ കുറ്റാന്വേഷണ വൈദഗ്ദ്ധ്യത്തിനുള്ള പൊലീസിന്റെ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു. പള്ളിക്കൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ 302 / 2018 ക്രൈം നമ്പരിലുള്ള മടവൂരിലെ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ അന്വേഷണ മികവിനാണ് കേസന്വേഷണ സംഘത്തിലുണ്ടായിരുന്ന അരുണിന് റിവാർഡ് ലഭിച്ചത്. അന്വേഷണ സംഘത്തിൽ അന്നുണ്ടായിരുന്ന കിളിമാനൂർ സി.ഐ വി.എസ്. പ്രദീപ് കുമാർ, വർക്കല സി.ഐ ആയിരുന്ന പി.വി. രാജേഷ് കുമാർ, പള്ളിക്കൽ എസ്.ഐ.ആയിരുന്ന ശ്യാംജി, ഷാഡോ പൊലീസ് എസ്.ഐ ഷിജു കെ.എൽ.നായർ എന്നിവർക്കൊപ്പമാണ് അരുണിനും റിവാർഡ് ലഭിച്ചത്. 2018 മാർച്ചിൽ മടവൂരിൽ റേഡിയോ ജോക്കി രാജേഷിനെ സ്വന്തം സ്റ്റുഡിയോയ്ക്ക് മുന്നിൽ വച്ച് കാറിൽ എത്തിയ സംഘം വെട്ടി കൊലപെടുത്തിയിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അതി വിദഗ്ദ്ധമായ അന്വേഷണത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നാം പ്രതിയെ തിരിച്ചറിഞ്ഞങ്കിലും വിദേശത്തായതിനാൽ ഇനിയും പിടി കൂടാനായിട്ടില്ല. ബാക്കി പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ അന്വേഷണ മികവിനാണ് പുരസ്കാരം. ബി.കെ. അരുൺ കിളിമാനൂർ എസ്.ഐ ആയിരിക്കുമ്പോഴാണ് മികച്ച ശുചിത്വ പൊലീസ് സ്റ്റേഷനുള്ള പുരസ്കാരം കിളിമാനൂർ സ്‌റ്റേഷന് ലഭിച്ചത്.