ബ്രേക്കിങ് ന്യൂസ്‌ : വർക്കല താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ മൃതദേഹം വികൃതമായ നിലയിൽ, കാരണം എന്ത് !

വർക്കല : വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹത്തിന്റെ ശരീരവും മുഖവും നീരുവന്നു ചീഞ്ഞു പൊട്ടി അവസ്ഥയിൽ ആയതിനെ തുടർന്ന് ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥ.

പള്ളിക്കൽ സ്വദേശി സോമരാജൻ നായരുടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് പോസ്റ്റ്‌മോർട്ടത്തിന് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മരിച്ച ആളുടെ ഏറ്റവും മക്കൾ വിദേശത്ത് നിന്നും ഇന്ന് നാട്ടിലെത്തും എന്നതിന്റെ അടിസ്ഥാനത്തിൽ ഒരു ദിവസത്തേക്ക് മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കാൻ ബന്ധുക്കൾ ആശുപത്രി അധികൃതരെ അറിയിച്ചു. തുടർന്ന് ഇന്ന് വൈകുന്നേരം ബന്ധുക്കൾ മൃതദേഹം സ്വീകരിക്കാൻ എത്തി ആംബുലൻസിൽ കയറ്റുമ്പോഴാണ് മൃതദേഹം വികൃതമായെന്ന് തിരിച്ചറിയുന്നത്. ശരീരം നീരുവന്ന് ആളിന്റെ ഇരട്ടിയായെന്നും മുഖം ചീഞ്ഞു പൊട്ടിയ നിലയിൽ ആളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ആയെന്നും ബന്ധുക്കൾ പറയുന്നു. മാത്രമല്ല രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്.

പോസ്റ്റ്‌മോർട്ടം കഴിഞ്ഞു ഫ്രീസറിൽ വെച്ച മൃതദേഹത്തിന് എന്താണ് സംഭവിച്ചത് എന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്. ഫ്രീസറിൽ വെച്ച ശേഷം ഫ്രീസർ ഓൺ ആക്കാൻ മറന്നതാകുമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഫ്രീസർ ഇപ്പോൾ പരിശോധിച്ചപ്പോൾ കൂളിംഗ് ഉണ്ട്. എങ്കിൽ ഫ്രീസർ ഓൺ ആകാത്തതാണ് കാരണമെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മൃതദേഹം വികൃതമാക്കിയതെന്നും പറഞ്ഞ് ബന്ധുക്കൾ ശക്തമായ പ്രതിഷേധം നടത്തുന്നു. എംഎൽഎ ആശുപത്രിയിൽ എത്തി കാര്യങ്ങൾ അന്വേഷിച്ചു പോയി. പോലീസും സ്ഥലത്തെത്തിയെന്നാണ് വിവരം.

എന്നാൽ ബന്ധുക്കൾ പറയുന്നത് പോലെയല്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മൃതദേഹത്തിന് എന്ത് സംഭവിച്ചു എന്ന് അറിയാത്ത അവസ്ഥയിലാണ് അവർ.