കായിക പ്രേമികൾക്ക് സന്തോഷവാർത്ത : വെഞ്ഞാറമൂടിനു സ്വന്തം സ്റ്റേഡിയം…

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ കായിക പ്രേമികൾക്ക് ഇതാ സ്വന്തമായി ഒരു സ്റ്റേഡിയം വരുന്നു. മണലിമുക്കിലെ അരയേക്കറിലധികം വരുന്ന പഞ്ചായത്ത് ഭൂമിയാണ് സ്റ്റേഡിയമാക്കുന്നത്. പത്തുലക്ഷം രൂപ നെല്ലനാട് പഞ്ചായത്തും ഏഴുലക്ഷം രൂപ ജില്ലാപ്പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപയുമാണ് നൽകുന്നത്.

താഴ്ന്നുകിടക്കുന്ന മൈതാനത്തെ റോഡുനിരപ്പിലേക്ക്‌ മണ്ണിട്ടുയർത്തിയാണ് പണി നടത്തുന്നത്. വെഞ്ഞാറമൂടിനു 2000 വരെ സ്വന്തമായി സ്റ്റേഡിയമുണ്ടായിരുന്നു. സർക്കസും കായികമത്സരങ്ങളും പരിശീലനങ്ങളും നടത്തിയിരുന്നത് ഇവിടെയായിരുന്നു. എന്നാൽ, വെഞ്ഞാറമൂട് കവലയിലെ ചന്തയുടെ സ്ഥലത്ത് ട്രാൻസ്പോർട്ട് ഡിപ്പോ വന്നപ്പോൾ ചന്ത സ്റ്റേഡിയത്തിലേക്കു മാറ്റുകയായിരുന്നു. സ്റ്റേഡിയത്തിനായി ഉചിതമായ സ്ഥലം കവലയിൽ തന്നെ വാങ്ങുമെന്ന് അധികൃതർ ഉറപ്പ് പറഞ്ഞിരുന്നെങ്കിലും 18 വർഷമായി അത് നടന്നില്ല.

തുടർന്നാണ് നെല്ലനാട് പഞ്ചായത്ത് ഭരണസമിതി മുൻകൈയെടുത്ത് സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയത്. കവലയുടെ തിരക്കുമാറിനിൽക്കുന്ന പ്രദേശത്താണ് പുതിയ സ്റ്റേഡിയം വരുന്നത്. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന വെഞ്ഞാറമൂട്ടിലെ പൊതുപരിപാടികളും പാർട്ടികളുടെ പൊതുയോഗങ്ങളും മേളകളും സ്റ്റേഡിയത്തിൽ നടത്താനാകുമെന്നതാണ് ഏറ്റവും വലിയനേട്ടം.

ടെൻഡർ നടപടി പൂർത്തിയായാൽ ഉടൻ പണി ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് എസ്.കുറുപ്പും വാർഡംഗം അനിലും പറഞ്ഞു