ഡാമിനു വേണ്ടി മാറ്റി പാർപ്പിച്ചവർക്ക് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഭൂമി നൽകിയില്ലെന്ന് പരാതി..

പാലോട്: മീൻമുട്ടി ഡാമിനു വേണ്ടി മാറ്റി പാർപ്പിച്ചവർക്ക് പത്തുവർഷം കഴിഞ്ഞിട്ടും ഇതുവരെ ഭൂമി നൽകിയില്ല. ചോർന്നൊലിക്കുന്ന കുടിലുകളിൽ ജീവൻ പണയം വച്ച് കഴിയുന്നത് പത്തു കുടുംബങ്ങളാണ്. 2006ൽ വാമനപുരം നദിക്കു കുറുകേ ഡാം നിർമ്മിച്ച് മീൻമുട്ടി മിനി ജലവൈദ്യുത പദ്ധതി ആരംഭിക്കുമ്പോൾ കുടിയിറക്കപ്പെട്ടവരാണ് ഈ പത്ത് കുടുംബങ്ങളും. വസ്തുവിട്ടുനൽകുന്നവർക്ക് വീട് വച്ച് നൽകാമെന്ന ഉറപ്പ് വിശ്വസിച്ചാണ് ഇവരെല്ലാം വീടുപേക്ഷിച്ച് ഡാം റിസർവോയറിനു സമീപം കുടിൽ കെട്ടി താമസമായത്. എന്നാൽ ഒരാൾക്ക് പോലും സർക്കാർ വീടും സ്ഥലവും നൽകിയില്ല. മാത്രമല്ല ഉണ്ടായിരുന്ന കുടിലുകൾ മഴയത്ത് നശിക്കുകയും ചെയ്തു. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ മരിച്ചവരുടെ മൃതദേഹം വീട് പൊളിച്ച് സംസ്കരിക്കേണ്ട അവസ്ഥയിലാണ്. കഴിഞ്ഞ പത്ത് വർഷമായി പതിനൊന്ന് കുടുംബങ്ങളും കഴിയുന്നത് ഈ കുടിലുകളിൽ തന്നെയാണ്. കഴിഞ്ഞ മഴയിൽ രണ്ടു കുടിലുകൾ തകർന്നു. ഇനിയെങ്കിലും അധികാരികളുടെ കനിവിനായ് കേഴുകയാണ് ഈ കുടുംബങ്ങൾ