Search
Close this search box.

മീൻമുട്ടിയിൽ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

ei3B4AH422

വിതുര: കല്ലാറിന് സമീപം മംഗലകരിക്കകം മേഖലയിൽ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ നാട്ടുകാരും വനപാലകരും ചേർന്ന് രക്ഷപ്പെടുത്തി. തോട്ടിൽ വെള്ളം ഉയർന്ന് മണിക്കൂറുകളോളം ഒറ്റപ്പെട്ട അമ്പതോളം സഞ്ചാരികളെയാണ് രക്ഷിച്ചത് . മീൻമുട്ടി വെള്ളച്ചാട്ടം കാണാൻ എത്തിയവരായിരുന്നു ഇവർ. ഞായർ വൈകിട്ട് മൂന്നോടെയാണ് സംഭവം. ഉച്ചമുതൽ കല്ലാറിൽ കനത്ത മഴ ഉണ്ടായിരുന്നു.  അക്കരെ സഞ്ചാരികളുണ്ടായിരുന്ന സമയത്ത് തോട് കവിഞ്ഞൊഴുകി. തുടർന്ന് ഇപ്പുറത്തേക്ക് വരാനാകാത്ത അവസ്ഥയിലായി. സഞ്ചാരികൾക്കൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരും ഇക്കോ ടൂറിസത്തിലെ ജീവനക്കാരുമുണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളുടെയും മണിക്കൂറുകൾ നീണ്ട പരിശ്രമഫലമായാണ്‌  സഞ്ചാരികളെ രക്ഷിച്ചത്‌.

അവധിദിവസമായതിനാൽ കല്ലാർ, മീൻമുട്ടി, പൊൻമുടി എന്നിവിടങ്ങളിൽ ധാരാളം സന്ദർശകർ എത്തിയിരുന്നു. ഉച്ച കഴിഞ്ഞ് ഉൾവനത്തിൽ പെയ്ത ശക്തമായ മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമായത്. മരങ്ങളും പാറകളും ഉൾപ്പെടെ കല്ലാറിൽ ഒഴുകിയെത്തി. നാട്ടുകാരുടെയും ഇക്കോഡെവലപ്മെന്റ് കമ്മിറ്റി അംഗങ്ങളുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും സമയോജിതമായ ഇടപെടലാണ് സഞ്ചാരികളെ വേഗത്തിൽ രക്ഷിക്കാൻ സഹായകമായത്. മൂന്നു മണിക്ക് ആരംഭിച്ച രക്ഷാപ്രവർത്തനം അഞ്ചര വരെ നീണ്ടു

പൊൻമുടി, ബോണക്കാട് വനമേഖലയിൽ അഞ്ചു ദിവസമായി ശക്തമായ മഴപെയ്യുകയാണ്. മിക്കദിവസങ്ങളിലും കല്ലാറിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാകുന്നുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. മഴ കനക്കുകയാണെങ്കിൽ പൊൻമുടി സന്ദശനത്തിന് നിയന്ത്രണമേർപ്പെടുത്തിയേക്കും. ഇതു സംബന്ധിച്ച് കളക്ടറുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ഡി.എഫ്.ഒ കെ.ഐ. പ്രദീപ് കുമാർ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!