മുന്നറിയിപ്പ് ബോർഡ്‌ നോക്കി കരയും ! മാമം മുതൽ മംഗലപുരം വരെ ദേശീയ പാതയിൽ കക്കൂസ് മാലിന്യം ഒഴുക്കി…

ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങൽ മാമം മുതൽ മംഗലപുരം പഞ്ചായത്ത്‌ പരിധിവരെ റോഡ് വശത്ത് കക്കൂസ് മാലിന്യം ഒഴുക്കിയ നിലയിൽ. മാമം മുതൽ കോരാണിക്ക് അപ്പുറം വരെയും മൂക്കും കണ്ണും പൊത്തി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ആറ്റിങ്ങൽ തിരുവനന്തപുരം ദിശയിൽ റോഡിന്റെ ഇടത് വശത്താണ് വൻ തോതിൽ മാലിന്യം തള്ളിയത്. മംഗലപുരം പഞ്ചായത്ത്‌ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡും കരയുന്ന രീതിയിൽ ബോർഡിന് ചുവട്ടിലും കക്കൂസ് മാലിന്യമുണ്ട്. സിസിടീവി ക്യാമറ നിരീക്ഷണമാണ് മുന്നറിയിപ്പ് നൽകിയത്. എന്നാൽ അതൊന്നും സാമൂഹിക വിരുദ്ധർക്ക് ബാധകമല്ല.

കഴിഞ്ഞ രാത്രിയിലാവാം സാമൂഹിക വിരുദ്ധർ ഇവിടെ ഈ തോന്നിവാസം കാണിച്ചത്. കാരണം കഴിഞ്ഞ ദിവസം ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം മാമത്ത് പെട്രോൾ പമ്പിന് മുൻവശത്ത് മറ്റു മാലിന്യങ്ങൾ കണ്ടത് വാർത്തയാക്കി നൽകിയിരുന്നു, അപ്പോൾ ഇത്രത്തോളം വലിയ അളവിൽ കക്കൂസ് മാലിന്യം കണ്ടിരുന്നില്ല.നിയമ സംവിധാനങ്ങളുടെ ബലഹീനതയാണ് വീണ്ടും വീണ്ടും പൊതുജനം നേരിടുന്ന ഈ ബുദ്ധിമുട്ടുകൾക്ക് കാരണം. ആരോഗ്യ പ്രശ്നങ്ങളും പകർച്ച വ്യാധികളും പടർന്നു പന്തലിക്കാൻ ഇതിലും വലുത് ഒന്നും വേണ്ട. തെരുവ് വിളക്കുകൾ കത്താത്തത് ഇതിനെല്ലാം അടിസ്ഥാന കാരണമാണ്. ശക്തമായ നിയമ നടപടികൾ സ്വീകരിച്ചാൽ ഒരുത്തനും പൊതുജനങ്ങളോട് ഈ അക്രമം കാണിക്കില്ല. അല്ലാത്ത പക്ഷം അധികാരികളും ഈ കുറ്റകൃത്യത്തിന് വഴിയൊരുക്കുന്നു എന്ന് ജനങ്ങൾ സംശയിക്കുന്നു.

“ചിത്രങ്ങൾ അതേപടി നൽകിയത് സംഭവത്തിന്റെ ഗൗരവം ചൂണ്ടക്കാണിക്കാനാണ്, ചിത്രത്തിൽ കാണുന്നതിനേക്കാൾ ബുദ്ധിമുട്ടാണ്  നാട്ടുകാരും യാത്രക്കാരും അനുഭവിക്കുന്നത് “