Search
Close this search box.

അയിരൂരിൽ സംഘം ചേർന്ന് പെൺകുട്ടിയെ വീട് കയറി അക്രമിച്ചെന്ന് പരാതി : പോലീസിന്റെ ഇടപെടൽ തൃപ്തികരമല്ലെന്ന് ആക്ഷേപം

eiQL9HS68124

അയിരൂർ : അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 9 ആം ക്ലാസ് വിദ്യാർത്ഥിനിയെ 5അംഗ സംഘം വീടുകയറി അക്രമിച്ചെന്നും പീഡന ശ്രമം നടന്നെന്നും പരാതി. 2 ദിവസം മുൻപാണ് സംഭവം. സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി തനിച്ചായിരുന്നപ്പോഴാണ് 5 പേരടങ്ങുന്ന സംഘം വീട്ടിലെത്തി ആക്രമണം നടത്തിയതെന്ന് പറയുന്നു. കുട്ടിയുടെ അമ്മ ജോലി കഴിഞ്ഞ് എത്തിയിരുന്നില്ല എന്നും പറയുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നപ്പോൾ പിറ്റേ ദിവസം രാവിലെ സ്റ്റേഷനിൽ എത്താൻ പറഞ്ഞെന്നും രാവിലെ സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയെയും അമ്മയെയും മണിക്കൂറുകളോളം സ്റ്റേഷന് മുന്നിൽ നിർത്തി എന്നും പോലീസിനെതിരെ ആരോപണമുണ്ട്. തുടർന്ന് പോലീസ് എഫ്‌ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തു.

എന്നാൽ പെൺകുട്ടി പറയുന്നത് പോലീസ് മുഖവിലയ്‌ക്കെടുത്തില്ലെന്നും തുടർന്ന് സ്കൂൾ മുഖേന ചൈൽഡ് ലൈനിൽ ബന്ധപ്പെട്ട് പരാതി സമർപ്പിക്കുകയും പെൺകുട്ടിയെ കൌൺസിലിംഗിന് വിധേയമാക്കുകയും ചെയ്തു. ശേഷം സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് പേരെ പിടികൂടി. അതിൽ രണ്ടുപേരെയും പോലീസ് വിട്ടയച്ചെന്നാണ് ആക്ഷേപം. പോക്സോ കേസിൽ പിടികൂടുന്ന പ്രതികളെ പോലീസ് എന്ത് അടിസ്ഥാനത്തിൽ വിട്ടയച്ചു എന്നാണ് നാട്ടുകാരുടെ ചോദ്യം. മാത്രമല്ല പിടിക്കപ്പെട്ട 2 പേരെയും പെൺകുട്ടി തിരിച്ചറിയുകയും അവരാണ് പ്രതികൾ എന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ ചില ബാഹ്യ ഇടപെടൽ കാരണമാണ് പ്രതികളെ പോലീസ് വിട്ടയച്ചതെന്ന് നാട്ടുകാർ പറയുന്നു.

കേസിന്റെ തുടക്കം മുതലേ പോലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് നാട്ടുകാർ പറയുന്നു. കാരണം പോലീസ് സംഭവം നടന്ന വീട്ടിൽ വരാനോ അന്വേഷണം നടത്താനോ കൂട്ടാക്കിയില്ലാ എന്നും പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ മണിക്കൂറോളം സ്റ്റേഷന് മുന്നിൽ നിർത്തിയെന്നും പിടിച്ച കുറ്റാരോപിതരിൽ ഒരാളെ പോലീസ് തിരിച്ചറിയൽ പരിശോധന നടത്തിയത് ആളുകളുടെ ഇടയിൽ വെച്ചാണെന്നും ആരോപണമുണ്ട്. ഒരാളെ പോലീസ് പിടികൂടിയ ശേഷം പോക്സോ കേസിൽ ഇരയായ പെൺകുട്ടി എന്ന് പോലും നോക്കാതെ പെൺകുട്ടിയെ റോഡിലേക്ക് വിളിച്ചു വരുത്തി ജനമധ്യത്തിൽ വെച്ച് ജീപ്പിലുള്ള ആളാണോ പ്രതി എന്ന് ചോദിച്ചെന്നും പെൺകുട്ടിയുടെ സ്വകാര്യതയ്ക്ക് ഹാനീകരണം സംഭവിച്ചെന്നും അതുകാരണം പെൺകുട്ടിക്ക് സമൂഹമധ്യത്തിൽ ഇറങ്ങാൻ കഴിയുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. പോക്സോ കേസിലെ ഇരകളുടെ പേര് വിവരമൊ ഒന്നും പുറത്ത് വിടാൻ പാടില്ല എന്ന ഉത്തരവുകൾ നിലവിലുള്ളപ്പോഴാണ് ഇത്തരം ഒരു സംഭവം. പോലീസ് പിടികൂടിയ ആളുകൾ തന്നെയാണ് പ്രതികൾ എന്ന് പെൺകുട്ടി പറയുകയും ചെയ്തു. എന്നാൽ പോലീസ് അവരെ വിട്ടയച്ചെന്നാണ് നാട്ടുകാർ പറഞ്ഞത്.

സംഭവത്തിന്റെ അടിസ്ഥാനത്തിൽ അയിരൂർ എസ്‌ഐ അജിത്കുമാർ പറഞ്ഞത് :

“കേസിന്റെ അടിസ്ഥാനത്തിൽ കൃത്യമായ അന്വേഷണമാണ് നടന്നു വരുന്നത്. എന്നാൽ പെൺകുട്ടി പ്രതികൾ എന്ന് പറഞ്ഞ രണ്ടുപേരും സംഭവ സമയത്ത് രണ്ട് സ്ഥലത്തുണ്ടായിരുന്നതിന് തെളിവുണ്ട്, മാത്രമല്ല അവർ രണ്ടുപേരും പരസ്പരം ഒരു പരിചയവുമില്ലാത്തവരാണ്, അതുകൊണ്ട് കേസ് അന്വേഷിച്ചു തെളിവുകൾ ലഭിച്ചാൽ അവരെ അറസ്റ്റ് ചെയ്യും. തത്കാലം അവരെ വിട്ടയച്ചെങ്കിലും നോട്ടീസ് നൽകിയിട്ടുണ്ട്, അന്വേഷണം നടക്കുന്നുണ്ട്. പ്രതികൾ അവരാണെന്ന് വ്യക്തമായാൽ അറസ്റ്റ് ഉണ്ടാവും. മാത്രമല്ല കൌൺസിലിംഗ് റിപ്പോർട്ട്‌ കിട്ടിയാൽ തുടർനടപടി ഉണ്ടാവും ” എന്ന് എസ്‌ഐ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!