പോലീസിനെയും ഫയർഫോഴ്സിനെയും വ്യാജ സന്ദേശം നൽകി പറ്റിച്ചയാൾ പിടിയിൽ..

പാലോട്: നിരന്തരം പോലീസിനെയും ഫയർഫോഴ്സിനെയും വ്യാജ സന്ദേശം നൽകി പറ്റിച്ചയാൾ പാലോട് പോലീസിന്റെ പിടിയിലായി. പെരിങ്ങമല കൊല്ലരുകോണം ഉഷാ ഭവനിൽ ബൈജു (39) വിനെയാണ് ഇന്ന് വെളുപ്പിന് അറസ്റ്റ് ചെയ്തത്.

നിരന്തരം പോലീസ് സ്റ്റേഷനിൽ ഫോൺ ചെയ്ത് അസഭ്യം പറയുകയും, വ്യാജമായ വിവരങ്ങൾ നൽകുകയും ചെയ്തിരുന്നു. കൂടാതെ വിതുര ഫയർഫോഴ്സിനെ വിളിച്ച് ജൂവലറി കത്തിയെന്നും, ചൂണ്ടാ മല കോളനിയിൽ തീപിടിത്തമുണ്ടായെന്നും പലയിടങ്ങളിലായി അക്രമങ്ങൾ നടക്കുന്നുവെന്നും പെരിങ്ങമ്മലയിൽ ആൾ കിണറ്റിൽ വീണു കിടക്കുന്നു എന്നും മറ്റും വ്യാജ സന്ദേശങ്ങൾ നൽകി വഴി തെറ്റിക്കുക പതിവാക്കുകയും ചെയ്തിരുന്നതായി ഫയർ ഫോഴ്സ് അധികാരികൾ സ്റ്റേഷനിൽ പരാതിപ്പെടുകയും ചെയ്തിരുന്നു.

അന്വേഷണത്തിൽ ഇയാൾ മുൻപും ഇത്തരത്തിൽ പലയിടത്തും ഫോൺ വിളിച്ച് വ്യാജ സന്ദേശം നൽകിയിരുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇടുക്കിയിൽ കാഞ്ഞാർ എന്ന സ്ഥലത്ത് സെക്യൂരിറ്റി ആയി ജോലി നോക്കി വന്നിരുന്ന ബൈജുവിനെ പിടികൂടുകമായിരുന്നു. പാലോട് പോലീസ് ഇൻസ്പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തിൽ എസ്.കെ സതീഷ് കുമാറും സിവിൽ പോലീസ് ഓഫീസർമാരായ ഷിബു, റിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.