കാവല്ലൂർ മധു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു

എ ഐ സിസി അംഗവും തിരുവനന്തപുരം ഡിസിസി ഉപാധ്യക്ഷനുമായ കാവല്ലൂർ മധു അന്തരിച്ചു. 63 വയസായിരുന്നു. വട്ടിയൂർക്കാവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീണായിരുന്നു അന്ത്യം. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള പ്രബലനേതാവായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഉടന്‍തന്നെ ശാസ്തമംഗലത്തെ ഒരു സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കിളിമാനൂരിൽ യുഡിഎഫ് സ്ഥാനാർഥി ആയിരുന്നു കാവല്ലൂര്‍ മധു. വട്ടിയൂര്‍കാവില്‍ യുഡിഎഫ് പ്രചാരണ പരിപാടികള്‍ നിര്‍ത്തിവച്ചു. കാവല്ലൂര്‍ പട്ടികജാതി വെല്‍ഫെയര്‍ സഹകരണ സംഘം, വട്ടിയൂര്‍ക്കാവിലെ സ്വതന്ത്ര്യസമര സമ്മേളന സ്മാരകസമിതി, പ്രിയദര്‍ശിനി സാംസ്‌കാരിക സമിതി എന്നിവയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുതിർന്ന നേതാക്കളായ എ കെ ആൻറണി, വി എം സുധീരൻ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. നാളെ രാവിലെ ഒൻപതിന് കെപിസിസിയിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം