ഓർമ്മയിലോമനിക്കാനൊരു തപാൽകാലമൊരുക്കി മടവൂർ ഗവ: എൽ.പി.എസ്

പോയ കാലങ്ങളുടെ ദുഃഖവും സന്തോഷങ്ങളും വിരഹവും അടയാളപ്പെടുത്തിയിരുന്നത് എത്രയെത്ര കത്തുകളാണ്. ഓരോ കത്തിലും അയച്ച ആളുടെ മനസ്സ് വായിച്ചറിയാമായിരുന്നു.കണ്ണീർ മഷിയിലെഴുതിയ കത്തുകൾ, സന്തോഷത്തിന്റെ മഷി നിറച്ചെഴുതിയ കത്തുകൾ…..
അതൊരു കാലമായിരുന്നു. അക്ഷരങ്ങൾകൊണ്ട് തീർക്കുന്ന വിസ്മയങ്ങൾക്കായി സുഹൃത്തുക്കളും വീട്ടമ്മമാരും,അച്ഛനും അമ്മയും കാത്തിരുന്നകാലം.പോസ്റ്റുമാൻ ഒരു ഗ്രാമത്തിൻറെ സ്വത്തായി മാറിയ കാലം….പോസ്റ്റുമാനെ കാത്തിരിക്കുന്ന ഗ്രാമം…. കുട്ടികൾക്ക് അന്യമായ ആ കാലത്തെയും പോസ്റ്റൽ സംസ്കാരത്തെയും തിരിച്ചുപിടിക്കുകയാണ് ലോകതപാൽ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം,മടവൂർ ഗവ: എൽ പി സ്കൂൾ.
ഒക്ടോബർ 9 തപാൽ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ ചിത്രം പതിച്ച സ്റ്റാമ്പ് പുറത്തിറക്കി കൊണ്ട് ഒരാഴ്ചകാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.സ്റ്റാമ്പുകൾ തയ്യാറാക്കുന്ന വിധം,സ്റ്റാമ്പ് ശേഖരണത്തിന്റെ പ്രാധാന്യം , സ്റ്റാമ്പുകളുടെ പ്രദർശനം, കത്തുകൾ അയയ്ക്കുന്ന രീതി ഇവയെക്കുറിച്ചുള്ള ക്ലാസുകളും സംഘടിപ്പിച്ചു.തപാൽ സംവിധാനം പുനർജ്ജീവിപ്പിക്കുക എന്ന സന്ദേശമടങ്ങിയ കാർഡുമായി പോസ്റ്റോഫീസ് സന്ദർശനം, പ്രാബല്യത്തിലുള്ള സ്റ്റാമ്പുകളുടെ വിവരശേഖരണം, എല്ലാ മാസവും സുഹൃത്തിനൊരു കത്തെഴുതൽ, അധികാരികൾക്ക് കത്ത് തയ്യാറാക്കി അയയ്ക്കൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നുവരുന്നത്. തപാൽവാരാഘോഷത്തിന്റെ ഉദ്ഘാടനം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗിരിജ ബാലചന്ദ്രൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ലീന, ഹെഡ്മാസ്റ്റർ ഇക്ബാൽ, പിടിഎ പ്രസിഡണ്ട് ബിനുകുമാർ , സജിത്ത് അധ്യാപകർ പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.