Search
Close this search box.

പിരപ്പൻകോട് ബസ് വെയ്റ്റിംഗ് ഷെഡിൽ നിൽക്കാൻ മൂക്ക് പൊത്തണം, യാത്രക്കാർ പരാതി പറഞ്ഞു തളർന്നു…

eiPAVVS26540

മാണിക്കൽ : മാണിക്കൽ പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ ദിനവും നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന പിരപ്പൻകോട് ജംഗ്ഷനിലെ ബസ് വെയ്റ്റിംഗ് ഷെഡിൽ എത്തുന്ന യാത്രക്കാർ മൂക്ക് പൊത്താതെ നിൽക്കാൻ കഴിയില്ല. നോക്കിയാൽ വെയ്റ്റിംഗ് ഷെഡിൽ ഒന്നും കാണില്ല, എങ്കിലും അസഹ്യമായ മലമൂത്ര വിസർജനത്തിന്റെ ദുർഗന്ധമാണ് ഇവിടെ. ദുർഗന്ധം മാത്രമല്ല, കൊതുകും ഈച്ചയും കാരണം ഇവിടെ നിൽക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് യാത്രക്കാർ പറഞ്ഞു. ബസ് വെയ്റ്റിംഗ് ഷെഡിനു സമീപത്തെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ സാമൂഹിക വിരുദ്ധർ കാര്യം സാധിക്കുന്നത് കൊണ്ടാണ് ഇവിടെ ഈ ദുർഗന്ധം. പഞ്ചായത്തിൽ പരാതിപ്പെട്ട് തളർന്നെന്നാണ് യാത്രക്കാർ പറയുന്നത്. സ്കൂൾ കുട്ടികളും സ്ത്രീകളും ഉൾപ്പടെയുള്ള യാത്രക്കാർ വന്നു പോകുന്ന ഈ ബസ് വെയ്റ്റിംഗ് ഷെഡിന്റെ ഈ അവസ്ഥ കാരണം ജനങ്ങൾ സമരത്തിന് ഒരുങ്ങുകയാണ്.ബസ് വെയ്റ്റിംഗ് ഷെഡിനടുത്ത് പോസ്റ്റ്‌ ഓഫിസ് കെട്ടാനായി പതിറ്റാണ്ടുകൾക്ക് മുൻപ് വാങ്ങിയ 50 സെന്റ് ഭൂമിയിലാണ് ആളുകൾ മലമൂത്ര വിസർജനം നടത്തുന്നതെന്നാണ് വിവരം. കേന്ദ്ര സർക്കാരിന്റെ പദ്ധതി ആയതിനാൽ പഞ്ചായത്തിന് ആ സ്ഥലത്ത് ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. മാത്രമല്ല നിലവിൽ വർഷങ്ങളായി പിരപ്പൻകോട്ടെ പോസ്റ്റ്‌ ഓഫീസ് പ്രവർത്തിക്കുന്നത് മഞ്ചാടിമൂട്ടിൽ പോസ്റ്റ്‌ മാസ്റ്ററുടെ വീടിന്റെ ഒരു ചെറിയ മുറിയിലാണെന്നും ആരോപണമുണ്ട്. ഇത്രയും ബുദ്ധിമുട്ട് നേരിട്ടിട്ടും പോസ്റ്റ്‌ ഓഫീസ് നിർമിക്കാതെ ആളുകൾക്ക് മലമൂത്ര വിസർജനം നടത്താൻ സ്ഥലം ലഭ്യമാക്കുന്നതിനെതിരെ ജനങ്ങൾ അമർഷത്തിലാണ്.പ്രദേശത്തെ ചില ആളുകളാണ് ഈ സ്ഥലത്ത് കയറി കാര്യം സാധിക്കുന്നതെന്നും പൊതു കക്കൂസ് ഇല്ലാത്തതാണ് ഇതിന് കാരണമെന്നും പറയുന്നു. എന്നാൽ പഞ്ചായത്ത്‌ ഈ തരിശ് ഭൂമിയിൽ കൃഷി നടത്താൻ ആവശ്യപ്പെട്ടിട്ട് പോലും അനുവാദം കിട്ടീട്ടില്ലെന്നും, മാത്രമല്ല പോസ്റ്റ്‌ ഓഫിസ് അവിടെ പ്രവർത്തിപ്പിക്കാനുള്ള നീക്കം പഞ്ചായത്ത്‌ നടപ്പിലാക്കാം എന്ന് പറഞ്ഞിട്ട് പോലും അനുവാദം കിട്ടീല എന്നാണ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞത്. മാത്രമല്ല വർഷങ്ങളായി ഈ സ്ഥലം ഇങ്ങനെ കിടക്കുന്നതിനാൽ ആളുകൾ അവിടെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്താതിരിക്കാൻ പഞ്ചായത്ത്‌ പൂട്ടിയ പൂട്ട് വരെ തല്ലിപ്പൊളിച്ചാണ് ആളുകൾ കയറുന്നതെന്നും പറയുന്നു. അവിടെ പോസ്റ്റ്‌ ഓഫിസ് തുറന്നു പ്രവർത്തിച്ചാൽ അത് ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം ആകുമെന്നും പറയുന്നു. പൊതു കക്കൂസ് സ്ഥാപിക്കാൻ പഞ്ചായത്ത്‌ തയ്യാറാണെന്നും അതിനു ആരും സ്ഥലം വിട്ടു നൽകാത്തത് മാത്രമാണ് തടസ്സമായി നിൽക്കുന്നതെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു. മാത്രമല്ല വെയ്റ്റിംഗ് ഷെഡിൽ നിൽക്കുന്ന യാത്രക്കാർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് കണക്കാക്കി മുൻപ് പഞ്ചായത്ത്‌ ഇടപെട്ടു കൊണ്ട് പരിസരം വൃത്തിയാക്കി, പോസ്റ്റ്‌ ഓഫിസ് കെട്ടിടത്തിന്റെ അവിടെയും ശുചീകരിച്ചാണ് പൂട്ട് ഇട്ടത്, എന്നാൽ വീണ്ടും പൂട്ട് പൊട്ടിച്ചാണ് ആളുകൾ അവിടെ കയറി ഒന്നും രണ്ടും നടത്തുന്നതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!