ശിവഗിരി മാതൃകാ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ പ്ലാൻ കടലാസിലുറങ്ങുന്നു..

വർക്കല :വർക്കല ശിവഗിരി മാതൃകാ റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനുള്ള മാസ്റ്റർപ്ലാൻ എങ്ങുമെത്തിയില്ല.. 2015 മാർച്ചിലാണ് ദക്ഷിണ റെയിൽവേ മാനേജർ ഉൾപ്പെട്ട പത്തംഗ സംഘം സ്റ്റേഷന്റെ അപാകതകളും പോരായ്മകളും വിലയിരുത്തുന്നതിനായി ഇവിടം സന്ദർശിച്ചത്. മാസ്റ്റർപ്ലാൻ അനുസരിച്ചുളള നിർമ്മാണവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കി വിപുലമായ വികസനമാണ് നടത്തുന്നതെന്ന് ഡിവിഷണൽ മാനേജർ പ്രഖ്യാപിക്കുകയും ചെയ്തു. ജനപ്രതിനിധികൾ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിൽ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചയും നടത്തിയിരുന്നു. തുടർന്ന് വികസന പ്രവർത്തനങ്ങളെ സംബന്ധിച്ചും യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങളൊരുക്കുന്നതിനും വേണ്ടി വിപുലമായ മാസ്റ്റർപ്ലാനും റെയിൽവേ തയ്യാറാക്കിയിരുന്നു. ആധുനിക ക്രമീകരണങ്ങളോടുകൂടിയ ഓഫീസ് മുറികളടക്കം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഡി.ആർ.എം ഉൾപ്പെട്ട ഉദ്യാേഗസ്ഥ സംഘം ജനപ്രതിനിധികൾക്ക് ഉറപ്പും നൽകിയാണ് മടങ്ങിയത്. എന്നാൽ മാസ്റ്റർപ്ലാൻ തയ്യാറാക്കി നാല് വർഷം കഴിഞ്ഞിട്ടും യാതൊരു പ്രവർത്തനവും റെയിൽവേയുടെ ഭാഗത്തു നിന്നും ആരംഭിച്ചിട്ടില്ല.