വീടിനു മുകളിൽ മരം വീണ് രണ്ടു സ്ത്രീകൾക്ക്‌ ഗുരുതര പരിക്ക്.

വിളപ്പിൽ : വിളപ്പിൽശാലയിൽ വീടിനു മുകളിലേക്ക്‌ പുളിമരം വീണ് രണ്ടു സ്ത്രീകൾക്ക്‌ ഗുരുതര പരിക്ക്. വിളപ്പിൽശാല കുണ്ടാമൂഴി തെങ്ങിൻതോട്ടത്ത്‌ വീട്ടിൽ ധർമനാഥന്റെ വീടിനു മുകളിലേക്കാണ് ശക്തമായ കാറ്റിൽ പുളിമരം കടപുഴകി വീണത്.

വീടിനുള്ളിൽ അടുക്കളഭാഗത്തു നിന്നിരുന്ന ധർമനാഥന്റെ ഭാര്യ ശൈലജ(50), സഹോദരി ശാന്ത(52) എന്നിവർക്കാണ് തലയ്ക്കു പരിക്കേറ്റത്. ഇരുവരെയും മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.  മരം വീഴുന്ന ശബ്ദം കേട്ട് വീടിനുള്ളിലായിരുന്ന ശാന്തയുടെ മകൻ രതീഷ്, ഇദ്ദേഹത്തിന്റെ ഭാര്യ രാജി, സഹോദരി ലേഖ എന്നിവർ കുട്ടികളെയുമെടുത്ത് പുറത്തേക്കോടിയതിനാൽ വലിയ ദുരന്തം ഒഴിവായി. നാട്ടുകാർ മരച്ചില്ലകൾ മുറിച്ചുമാറ്റി. ഓടു മേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു.