വിദ്യാരംഭം കുറിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി….

ആറ്റിങ്ങൽ : നവരാത്രിയുടെ സമാപനമായ മഹാനവമി ആഘോഷം ഇന്ന്. ദുർഗാഷ്ടമി ദിവസമായ ഞായറാഴ്ച കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ വൻ ജനത്തിരക്കായിരുന്നു. മഹാനവമിയായ തിങ്കളാഴ്ചയും വിദ്യാരംഭം നടക്കുന്ന ചൊവ്വാഴ്ചയും വൻതിരക്കാണ് പ്രതീക്ഷിക്കുന്നത്. 800 ഓളം കുട്ടികളെ നവരാത്രിമണ്ഡപത്തിൽ എഴുത്തിനിരുത്തും. ആറ്റുകാൽ ഭഗവതീക്ഷേത്രം, പൂജപ്പുര സരസ്വതീമണ്ഡപം, കരിക്കകം ചാമുണ്ഡിക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, ഗാന്ധാരിഅമ്മൻ കോവിൽ, ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, ശംഖുംമുഖം ദേവീക്ഷേത്രം തുടങ്ങി ഒട്ടനവധി ക്ഷേത്രങ്ങളിൽ  വിദ്യാരംഭം നടക്കും.

 നഗരത്തിന് പുറത്തുള്ള  ശിവഗിരിമഠം, അരുവിപ്പുറം മഠം, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം, തോന്നയ്ക്കൽ ആശാൻ സ്മാരകം, വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയം എന്നിവിടങ്ങളിലും നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പാറശാല മഹാദേവക്ഷേത്രം, വർക്കല ജനാർദനസ്വാമി ക്ഷേത്രം, കൊല്ലങ്കോട് ഭദ്രകാളീക്ഷേത്രം, മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തക്കല തേവാരക്കെട്ട് ക്ഷേത്രം എന്നിവിടങ്ങളിലും പൂജവയ്‌പിനും വിദ്യാരംഭത്തിനും ഒരുക്കങ്ങൾ പൂർത്തിയായി.

 ചൊവ്വാഴ്ച പൂജയെടുപ്പിന് ശേഷം ആര്യശാല ക്ഷേത്രത്തിൽ നിന്ന് വേളിമല കുമാരസ്വാമി വിഗ്രഹം വെള്ളിക്കുതിരപ്പുറത്ത് പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. വൈകിട്ട് 4.30-ന്  പള്ളിവേട്ടയ്ക്ക് ശേഷം കുമാരസ്വാമി വിഗ്രഹം തിരിച്ചെഴുന്നെള്ളിക്കും. സന്ധ്യയ്‌ക്ക്‌ ചെന്തിട്ടയിൽ നിന്നും മുന്നൂറ്റിനങ്കയുടെയും കുമാരസ്വാമിയുടെയും വിഗ്രഹങ്ങൾ കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിന് മുന്നിലേക്ക് എഴുന്നള്ളിക്കും. അവിടെ രാജകുടുംബത്തിന്റെ സ്വീകരണത്തിന്‌ ശേഷം വിഗ്രഹങ്ങളെ ക്ഷേത്രങ്ങളിലേക്ക് മടക്കി കൊണ്ടുപോകും. വ്യാഴാഴ്ച രാവിലെ നവരാത്രി വിഗ്രഹങ്ങളെ പദ്മനാഭപുരത്തേക്ക് തിരിച്ചുകൊണ്ടുപോകും.