ആലംകോടിനെ ആറ്റിങ്ങൽ നഗരസഭ അവഗണിക്കുന്നെന്ന് ആരോപിച്ച് സൂചനാ നിരാഹാര സമരം…

ആലംകോട് : ആറ്റിങ്ങൽ നഗരസഭ ആലംകോട് അവഗണിക്കുന്നതായി ആരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കൗൺസിൽ അംഗവും ആലങ്കോട് യൂണിറ്റ് പ്രസിഡന്റുമായ എ.കെ സുലൈമാന്റെ നേതൃത്വത്തിൽ സൂചനാ നിരാഹാര സമരം നടത്തി. ഇന്ന് രാവിലെ 9 മണിമുതൽ വൈകുന്നേരം 8 മണിവരെയാണ് നിരാഹാര സമരം നടന്നത്. ആറ്റിങ്ങൽ നഗരസഭയോട് ഒത്തു ചേർന്ന് കിടക്കുന്നതും 1, 2, 31 വാർഡുകൾ ഉൾപ്പെടുന്നതുമായ പ്രദേശമാണ് ആലങ്കോട്. ആലങ്കോടിന്റെ ചില ഭാഗങ്ങൾ കിളിമാനൂർ ബ്ലോക്കിലും വർക്കല ബ്ലോക്കിലും ചിറയിൻകീഴ് ബ്ലോക്ക് ഉൾപ്പെട്ടിരിക്കുന്നു. ഭൂരിഭാഗവും ആറ്റിങ്ങൽ നഗരസഭയിൽ ഉൾപ്പെട്ടിട്ടുള്ള ആലങ്കോട് പ്രദേശത്തിനു വേണ്ട യാതൊരുവിധ വികസനപ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന് ആരോപിച്ചാണ് നിരാഹാര സമരം നടന്നത്.

പ്രധാനമായ ആവശ്യങ്ങൾ ഇങ്ങനെ

• കാലാകാലങ്ങളായി ജനങ്ങൾ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന കെ.എസ്.ഇബി ബിൽ അടക്കുന്നതിനായി ഒരു സബ് ഓഫീസ് സ്ഥാപിക്കുക
• ആലംകോട് ജംഗ്ഷനിലും പരിസര വാർഡുകളിലും ഒരു സ്ട്രീറ്റ് ലൈറ്റ് പോലുമില്ല, (ഉള്ളത് കത്തുന്നില്ല)ഇവ പുനസ്ഥാപിക്കുക
• സൊസൈറ്റി വീക്ഷണം കൈത്തറി തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തനരഹിതമായതുമൂലം ഒരുപാടുപേർക്ക് തൊഴിൽ നഷ്ടം സംഭവിച്ചിരിക്കുന്നു, ഇവ തുറന്നു പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കുക
• ആലംകോടിന് സ്വന്തമായി അനുവദിച്ച ഒരു ആയുർവേദ ആശുപത്രി സ്ഥലം ഇല്ലെന്ന് പറഞ്ഞു ആറ്റിങ്ങലിലേക്ക് മാറ്റി സ്ഥാപിച്ചു, ഇപ്പോൾ ആറ്റിങ്ങൽ പട്ടണത്തിൽ 2 ആയുർവേദ ആശുപത്രികൾ സ്ഥിതിചെയ്യുന്നുണ്ട്. ഇവയിലൊന്ന് ആലങ്കോട് പുനസ്ഥാപിക്കുക
• മുൻകാലങ്ങളിൽ ഉണ്ടായിരുന്ന ലൈബ്രറി റേഡിയോ അടക്കമുള്ള വായനശാല എന്നിവ ആലങ്കോട് പുനസ്ഥാപിക്കുക
• നഗരൂർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചുകൊണ്ട് ആലങ്കോട് ഹൈസ്കൂൾ മുതൽ ഉള്ള ഭാഗം ഉൾപ്പെടുത്തി നഗരൂർ പോലീസ് സ്റ്റേഷൻ അതിർത്തി നിശ്ചയിച്ചിരിക്കുന്നു. അത് തിരുത്തി ആലങ്കോട് വില്ലേജിലെ ജനങ്ങളെ ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിൽ നിലനിർത്തുക
• റീ സർവേയിൽ ആലങ്കോടിന് അവഗണന, ആലംകോടിന്റെ നാലു വാർഡിലുള്ളവർക്ക് റീസർവ്വേ നെയ്യാറ്റിൻകര പോകേണ്ട ഗതികേടിലാണ്. അതിന് പരിഹാരം കാണുക.

ഇങ്ങനെ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സുലൈമാൻറെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തിയത്. ഇതൊരു സൂചന നിരാഹാരസമരം മാത്രമാണെന്നും നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്നാണ് സമരക്കാർ പറയുന്നത്.

മുൻ എംഎൽഎ വർക്കല കഹാർ നിരാഹാരസമരം ഉദ്ഘാടനം ചെയ്തു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പ്രൊഫ തോന്നയ്ക്കൽ ജമാൽ മുഖ്യപ്രഭാഷണം നടത്തി. മണമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് സുരേഷ്കുമാർ, ആറ്റിങ്ങൽ മണ്ഡലം ബിജെപി പ്രസിഡന്റ് ദിലീപ്, കരവാരം പതിനാറാം വാർഡ് മെമ്പർ എം എം ഇല്യാസ്, ആലങ്കോട് ജമാഅത്ത് മുൻ പ്രസിഡന്റ് എ. എം അഷ്റഫ്, ഗോൾഡ് മർച്ചന്റ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് നാസർ, പ്രവാസി മലയാളി ജില്ലാ ജനറൽ സെക്രട്ടറി എം.എച്ച് അഷറഫ്, ജയ്ഹിന്ദ് പൗരാവകാശ ചാരിറ്റബിൾ സൊസൈറ്റി എ.എം അഷറഫ്, പ്രവാസി ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് എം ആർ നിസാമുദ്ദീൻ തുടങ്ങിയവർ നിരാഹാരസമരം ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു. സമാപനസമ്മേളനത്തിൽ ഡിസിസി ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ്‌ അംബിരാജ, കരവാരം മണ്ഡലം പ്രസിഡന്റ് എം കെ ജ്യോതികുമാർ തുടങ്ങിയവർ പങ്കെടുത്തു.