ബാബരി മസ്ജിദ്: വിധി എന്തായാലും സംയമനത്തോടെ അഭിമുഖീകരിക്കണം, പ്രകോപനത്തിന് നില്‍ക്കരുതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍..

ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലെ സുപ്രിംകോടതി വിധിപുറത്തുവരുന്നതോടെ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു. വിധി 8- 19 ദിവസത്തിനുള്ളില്‍ വരാനിരിക്കെ പാണക്കാട്ടുനിന്ന് പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഹൈദരലി തങ്ങള്‍ സംയമനത്തിന് ആഹ്വാനംചെയ്തത്.

രാജ്യത്തെ ഉന്നത നീതിപീഠം ഇക്കാര്യത്തില്‍ കൈക്കൊള്ളുന്ന തീരുമാനം ഏതുതരത്തിലായാലും വിധിയെ സംയമനത്തോടെ അഭിമുഖീകരിക്കണം. അസഹിഷ്ണുതയും പ്രകോപനവും സൃഷ്ടിക്കാനുള്ള ശ്രമങ്ങളുണ്ടായാല്‍ അതിനു നിന്നുകൊടുക്കരുത്. മുസ്ലിങ്ങളുടെ ആരാധനാലയമെന്നതിനൊപ്പം രാജ്യത്തിന്റെ മഹത്തായ മതേതര പൈതൃകത്തിന്റെ പ്രതീകംകൂടിയാണ് ബാബരി മസ്ജിദ്.

പള്ളിയുടെയും അതു നിലകൊള്ളുന്ന ഭൂമിയുടെയും ഉടമസ്ഥാവകാശം സംബന്ധിച്ച എല്ലാ ന്യായവാദങ്ങളും ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും ആധികാരിക രേഖകളുടെയും പിന്‍ബലത്തോടെത്തന്നെ കോടതിമുമ്പാകെ ഇഴകീറി പരിശോധനയ്ക്കു വന്നിട്ടുണ്ട്. സുപ്രിംകോടതിയുടെ അന്തിമതീരുമാനത്തെ ഉത്തമവിശ്വാസത്തോടെയാണ് രാജ്യം കാത്തിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ നീതിപീഠങ്ങളാണ് പൗരന്റെയും ദുര്‍ബലജനതയുടെയും സത്യവും നീതിയും പുലരാന്‍ ആഗ്രഹിക്കുന്നവരുടെയും അവസാനത്തെ പ്രതീക്ഷ.

സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിലകൊള്ളുന്നതാണ് നമ്മുടെ രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയുടെ ചരിത്രം. കോടതിവിധിയെ മാനിക്കുമെന്ന് എക്കാലവും ഉറക്കെ പറഞ്ഞവരാണ് ഇവിടുത്തെ വിശ്വാസികള്‍. രാജ്യത്തെ ഭൂരിപക്ഷസമുദായത്തിന്റെ കരുതലും സ്‌നേഹവും ഐക്യദാര്‍ഢ്യവും ഓരോ നിര്‍ണായകഘട്ടങ്ങളിലും ന്യൂനപക്ഷ, പിന്നാക്ക സമൂഹത്തിനു ലഭിച്ചിട്ടുണ്ട്. ആ പരസ്പരസ്‌നേഹവും സാഹോദര്യവും എക്കാലവും തുടരണം. അതാണ് രാജ്യത്തിന്റെ അഭിലാഷമെന്നും തങ്ങള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.