പട്ടാപ്പകൽ വീട്ടിൽക്കയറി വൃദ്ധയുടെ മാല പൊട്ടിച്ചെടുത്തു,  കൊലപ്പെടുത്താനും ശ്രമം

പോത്തൻകോട്: പട്ടാപ്പകൽ വീട്ടിനുള്ളിൽ അതിക്രമിച്ചുകയറി വൃദ്ധയുടെ മാലപൊട്ടിച്ചെടുത്ത ശേഷം കൊലപ്പെടുത്താൻ ശ്രമം. പോത്തൻകോട് പ്ലാമൂട് ചിറ്റിക്കര സൂര്യാലയത്തിൽ കമലമ്മ(76)യ്ക്കു നേരേയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് സംഭവം. മക്കളും ചെറുമക്കളും ജോലിക്കു പോയതിനാൽ വീട്ടിൽ കമലമ്മ തനിച്ചായിരുന്നു. വീടിനു പുറകുവശത്തെ വാതിൽവഴിയാണ് രണ്ടംഗ മുഖംമൂടിസംഘം വീട്ടിനുള്ളിൽ അതിക്രമിച്ചു കയറിയത്. തുടർന്ന് കമലമ്മയെ ആക്രമിച്ച് മാലപൊട്ടിച്ചെടുത്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് കമലമ്മ പറഞ്ഞു. നിലവിളിച്ചതിനെത്തുടർന്ന് മാല ഉപേക്ഷിച്ച ശേഷം ഇവർ കമലമ്മയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് രക്ഷപ്പെട്ടു. നിലവിളി കേട്ടെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് കമലമ്മയെ വാതിൽ തുറന്ന് രക്ഷപ്പെടുത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കമലമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്തൻകോട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോത്തൻകോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ, പഞ്ചായത്തംഗങ്ങളായ എം.ബാലമുരളി, കരൂർ ഹരി, പള്ളിപ്പുറം വിജയകുമാർ എന്നിവർ കമലമ്മയെ സന്ദർശിച്ചു.