തലസ്ഥാനത്ത് ആദ്യ ഇ-ഓട്ടോ സർവീസിന് തുടക്കം,  യാത്രക്കാരായി സ്പീക്കറും മന്ത്രിമാരും..

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഇ-ഓട്ടോ സര്‍വീസിന് തലസ്ഥാനത്ത് തുടക്കമായി. മന്ത്രിമാരായ ഇ.പി ജയരാജനും എ.കെ ശശീന്ദ്രനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും കന്നി യാത്രികരായി. പൊതുമേഖലാ സ്ഥാപനമായ കെ.എ.എല്‍ നിര്‍മിച്ച് പുറത്തിറക്കിയ നീംജി എന്ന ഇലക്ട്രിക്ക് ഓട്ടോറിക്ഷയാണ് തിരുവനന്തപുരം നഗരത്തില്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിച്ചത്. ഉദ്ഘാടനത്തിന് ശേഷം എം.എല്‍.എ ഹോസ്റ്റലില്‍ നിന്നും നിയമസഭയിലേക്ക് 15 എം.എല്‍.എമാരെയും കൂട്ടി സര്‍വീസ് ആരംഭിച്ച അഞ്ച് ഓട്ടോറിക്ഷകളുടെ ഫ്‌ളാഗ് ഓഫ് സ്പീക്കര്‍ നിര്‍വഹിച്ചു.

ഇ-ഓട്ടോയില്‍ ബാറ്ററി ഒരു തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകും. 60 വാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതില്‍ സജീകരിച്ചിരിക്കുന്നത്. മൂന്നേമുക്കാല്‍ മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജാകും. കിലോ മീറ്ററിന് 50 പൈസ മാത്രമാണ് യാത്രാ ചെലവ് എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. 2.80 ലക്ഷം രൂപയാണ് ഇ-ഓട്ടോയുടെ വില. 30,000 രൂപ സര്‍ക്കാരിന്റെ സബ്‌സിഡിയുണ്ട്. ഡ്രൈവറെ കൂടാതെ മൂന്ന് യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാകും. ജൂലൈയിലാണ് വാണിജ്യ അടിസ്ഥാനത്തില്‍ ഇ-ഓട്ടോ നിര്‍മാണം ആരംഭിച്ചത്. 1.50 ലക്ഷം ഓട്ടോകള്‍ നിരത്തിലിറക്കാനുള്ള നടപടികളാണ് കെ.എ.എല്‍ സ്വീകരിച്ചിരിക്കുന്നത്.