കൃഷിയിൽ നൂറുമേനിവിളയിച്ച ഇളവട്ടം കൂട്ടായ്മ പുരുഷസംഘത്തിന്റെ നാലാം വാർഷികാഘോഷങ്ങൾ നടന്നു

നന്ദിയോട്: കാർഷിക സംസ്കാരത്തിന്റെ പുത്തനറിവുകൾ പകർന്നു നൽകിയ ഇളവട്ടം കൂട്ടായ്മ പുരുഷസംഘത്തിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ നടന്നു. സർക്കാർ ഉദ്യോഗസ്ഥർ മുതൽ കർഷകർ വരെയും ദേശീയ അന്തർദേശീയ തല മത്സരങ്ങളിൽ സ്പോട്സിൽ മികവ് തെളിയിച്ച കുറച്ചു യുവാക്കളുടെ കൂട്ടായ്മയാണ് ഈ സംഘം. തരിശുഭൂമിയിൽ കൃഷിയിൽ നൂറുമേനി വിളവ് സമ്മാനിച്ച ഈ സംഘത്തിൽ ഇവരുടെ കുടുംബങ്ങൾ കൂടി ചേർന്നപ്പോൾ പൊന്നുവിളയുന്ന ഭൂമിയായ് ഇവിടം. വാർഷികത്തോടനുബന്ധിച്ച് സൗജന്യ നേത്ര, ദന്തൽ പരിശോധനാ ക്യാമ്പ്, പാമ്പുകളെ കുറിച്ച് സനൽ രാജ് നയിച്ച ബോധവത്കരണ ക്ലാസ് എന്നിവ നടത്തി. വൈകിട്ട് നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ്, എം. ഉദയകുമാർ, ദീപാ ജോസ്, ജയകുമാർ, ചന്തു, ആർ.എസ്. അജിത്കുമാർ, രഞ്ചു എം. കുമാർ എന്നിവർ പങ്കെടുത്തു.