‘പള്ളിക്കൽ വില്ലേജ് ഓഫീസ്’ പരാതി പറയാൻ തുടങ്ങിയിട്ട് നാളുകളായി…

പള്ളിക്കൽ : മൂതലയിൽ പ്രവർത്തിക്കുന്ന അരനൂറ്റാണ്ടിലേറെ പഴക്കമുളള പള്ളിക്കൽ വില്ലേജ് ഓഫിസിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം ശക്തം. ദിവസവും വിവിധ ആവശ്യങ്ങൾക്കായി ഒരുപാട് ആളുകൾ വന്നു പോകുന്ന ഓഫീസ് മൂന്നു കുടുസുമുറികളിലാണ് പ്രവർത്തിക്കുന്നത്. വില്ലേജ് ഓഫിസറടക്കം നാലുപേരാണ് ഇവിടുത്തെ ജീവനക്കാർ.ശക്തമായ മഴയിൽ ചോർച്ചയുള്ളതിനാൽ ഫയലുകൾ ക്രമമായി വക്കാനുള്ള സൗകര്യം പോലുമില്ലെന്നാണ് പരാതി.രണ്ടു മുറികൾ പൂർണ്ണമായും ഫയലുകൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. രാത്രികാലങ്ങളിൽ താവളമടിക്കുന്ന മരപ്പട്ടികളുടെ ഭീഷണിയും ചിലപ്പോൾ ജീവനക്കാർ നേരിടേണ്ടി വന്നിട്ടുണ്ട്.വിവിധ വികസനപ്രവർത്തനങ്ങൾക്കായി എംഎൽഎ,എംപി ഫണ്ടുകൾ ചിലവിടുന്നതിനിടയിൽ ഒരു പഞ്ചായത്തിന്റെ പ്രധാന കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വില്ലേജ് ഓഫിസ് കെട്ടിടം ജീർണ്ണിക്കുന്നത് ബന്ധപ്പെട്ടവർ കണ്ടില്ലെന്ന് നടിക്കുന്നതായാണ് ആക്ഷേപം. പള്ളിക്കലിൽ പ്രവർത്തനം തുടങ്ങിയ മിനിസിവിൽ സ്റ്റേഷനിൽ ഓഫിസിനാവശ്യമായ ധാരാളം സ്ഥലം ബാക്കിയുള്ളപ്പോഴാണ് വില്ലേജ് ഓഫിസ് ജീർണ്ണിച്ച് ചോരുന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം പണിയുകയോ മിനിസിവിൽ സ്റ്റേഷനിലേക്ക് മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.