ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതികളെ സഹായിക്കുന്നെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ഡിവൈഎസ്പി ഓഫീസിലേക്ക് ഉപരോധം നടത്തി

ആറ്റിങ്ങൽ : കഠിനംകുളത്ത് ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥന്മാർ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് ചിറയിൻകീഴ് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസ് ഉപരോധിച്ചു. “വാളയാർ കേസ് പോലെ പ്രതികളെ വെറുതെ വിടുന്നതിനായി ആറ്റിങ്ങൽ ഡിവൈഎസ്പി വിദ്യാധരൻ പ്രതികൾ മദ്യപാനികളാണ് എന്ന് പരസ്യ പ്രസ്താവന നടത്തിയിരിക്കുന്നു. ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് കേസ് ചാർജ് ഷീറ്റ് നൽകുമ്പോൾ വാദി ഭാഗത്തുനിന്ന് ആരുടെയെങ്കിലും കളവായ മൊഴിയിൽ പ്രതികൾ മദ്യപിച്ചിരുന്നു എന്ന് പോലീസ് എഴുതിയത് ചേർത്ത് കേസിനെ ദുർബലപ്പെടുത്താനും പ്രതികളെ സഹായിക്കുവാനും വേണ്ടിയാണ് ഡിവൈഎസ്പി വിദ്യാധരൻ ഈ പ്രസ്താവന നടത്തിയത് എന്ന് ഉപരോധസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി.സി നിർവാഹകസമിതി അംഗം എം.എ ലത്തീഫ് പറഞ്ഞു.”കേസിലെ പ്രതികൾ സറണ്ടർ ചെയ്തതിനുശേഷം പ്രതികളെ അറസ്റ്റ് ചെയ്തു എന്ന് പത്രത്തിൽ കള്ള വാർത്ത നൽകിയ ആറ്റിങ്ങൽ ഡിവൈഎസ്പി വിദ്യാധരൻറെ പേരിൽ നടപടി സ്വീകരിക്കണമെന്നും ഈ കേസിലെ അന്വേഷണ ചുമതലയിൽ നിന്ന് അദ്ദേഹത്തെ മാറ്റണമെന്നും എം എ ലത്തീഫ് സർക്കാറിനോട് ആവശ്യപ്പെട്ടു. ഇളമ്പ ഉണ്ണികൃഷ്ണൻ, പെരുങ്കുളം അൻസർ, ഗിരി കൃഷ്ണൻ, മനോജ്, ബിജു, ശ്രീധർ, നെൽസൺ, ഷെറിൻ, മുനീർ, കെ.എസ്‌.യു നേതാക്കളായ ജിബിൻ, അർജുൻ, രതീഷ്, പുതുവൽ, സുജാതൻ, സിന്ധുകുമാരി, ജിഷ്ണു, അപേഷ്‌, മോനിഷ്, രാഹുൽ, സജിൻ എന്നിവർ സംസാരിച്ചു.